ബോക്സ് ഓഫീസ് തരംഗമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തോടൊപ്പം, തന്റെ ഹിറ്റ് ഡയലോഗായ ജസ്റ്റ് ജസ്റ്റ് കിഡ്‌ഡിങ് (ജെ കെ )യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഹരി ചാക്യാർ എന്ന സ്പൂഫ് കഥാപാത്രമായി എത്തി പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് ശ്യാം.
ആഗോളതലത്തിൽ 305 കോടി കളക്ഷൻ നേടിയ കൊണ്ട് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡും സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ നടൻ സംഗീത് പ്രതാപുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹൻ.

ശ്യാം മോഹൻ. Photo. X.com
പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിന്റെ എഡിറ്ററും കോ-ഡയറക്ടറുമായിരുന്ന നടൻ സംഗീത് പ്രതാപ് ആണ് ആ സിനിമയിലൂടെ തന്നെ ഇൻഡസ്ട്രിയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് ശ്യാം പറയുന്നു. പിന്നീട് തങ്ങൾ ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം തമ്മിൽ കണ്ടാൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന കഥാപാത്രങ്ങളായിരുന്നു ചെയ്തതെന്നും ശ്യാം കൂട്ടിച്ചേർത്തു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ തങ്ങൾ ഭയങ്കര ക്ലോസ് സുഹൃത്തുക്കളാണെന്നും നടൻ പറഞ്ഞു.
‘പത്രോസിന്റെ പടപ്പുകളാണ് എന്റെ ആദ്യ സിനിമ. ആ സിനിമയുടെ എഡിറ്ററും കോ-ഡയറക്ടറുമൊക്കെ സംഗീത് ആയിരുന്നു. അപ്പോൾ അവൻ തന്നെയാണ് എന്നെ ആ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതും, അന്നുതൊട്ടുള്ള പരിചയമാണ് അവനുമായിട്ട്. പക്ഷെ ഞങ്ങൾ ഒരുമിച്ചഭിനയിച്ച സിനിമകളിലൊക്കെ ഞങ്ങൾ തമ്മിൽ പ്രശ്നമായിരിക്കും.
പ്രേമലുവിലും ബ്രോമൻസിലുമൊക്കെ തമ്മിൽ കാണുമ്പോൾ പ്രശ്നമുള്ള കഥാപാത്രങ്ങളാണ് ഞങ്ങളുടേത്. പക്ഷെ റിയൽ ലൈഫിൽ ഞങ്ങൾ ഭയങ്കര ക്ലോസ് ആണ്. ഇപ്പോൾത്തന്നെ ഈയടുത്ത് അവന്റെ ഒരു ഇന്റർവ്യൂ കണ്ടിട്ട് എടാ അത് അത്ര നന്നായിട്ടില്ല എന്ന് അവനോട് പറഞ്ഞിരുന്നു. അതിപ്പോൾ അവൻ എന്റെ ഒരു വർക്ക് കണ്ടിട്ട് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിലും എന്നോടും പറയാറുണ്ട്,’ നടൻ പറഞ്ഞു.
സംഗീതിനെ സ്‌ക്രീനിൽ കാണുമ്പോൾത്തന്നെ നമ്മളിൽ ഒരാൾ എന്ന രീതിയിലാണ് പ്രേക്ഷകർ കാണാറുള്ളതെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിൽ അദ്ദേഹത്തിന്റെ കൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന രീതിയിലാണ് അവൻ സ്കോർ ചെയ്തതെന്നും ശ്യാം കൂട്ടിച്ചേർത്തു.
‘അത്തരത്തിലൊരു നല്ല ബന്ധം ഞങ്ങൾ പരസ്പരം നിലനിർത്താറുണ്ട്. ഇതിപ്പോൾ അടുത്ത സിനമയിൽ ദേ അവൻ നായകനായി വരികയാണ്. അവനെ സ്‌ക്രീനിൽ കാണുമ്പോൾത്തന്നെ നമ്മളിലൊരാൾ എന്നൊരു ഫീൽ ഇപ്പോൾ പ്രേക്ഷകർക്ക് കിട്ടുന്നുണ്ട്.

സംഗീത് പ്രതാപ്. Photo. X.com
മോഹൻലാലിനെ പോലൊരു ആക്ടറിന്റെ മുന്നിൽ അഭിനയിച്ച് സ്കോർ ചെയ്യുകയൊക്കെ വളരെ ഈസിയായിട്ടാണ് അവൻ ചെയ്തത്. അത് പ്രേക്ഷകർക്കൊക്കെ ഇഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ ഓണം ശരിക്കും തൂക്കിയത് അവനായിരുന്നു എന്ന് പറയാം. ഇപ്പോൾ ഈ ഓണത്തിന് നമ്മൾ എല്ലാവരും തൂക്കിയ ‘ബെത്‌ലഹേമി’ലും അവന്റെ പാർട്ട് സംഗീത് നന്നായിട്ട് ചെയ്തിട്ടുണ്ട്,’ ശ്യാം പറഞ്ഞു.
