കഴിഞ്ഞ 15 വര്‍ഷത്തിനിടെ മലയാളസിനിമക്ക് വന്ന മാറ്റം ചെറുതല്ല. മേക്കിങ്ങില്‍ ഇന്ത്യയിലെ പല വമ്പന്‍ ഇന്‍ഡസ്ട്രികളെയും വെല്ലുവിളിക്കുന്ന തരത്തില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഈ കാലയളവില്‍ മോളിവുഡിന് സാധിച്ചു. ടെക്‌നിക്കല്‍ മേഖലയില്‍ മാത്രമല്ല, ഈ ഇന്‍ഡസ്ട്രിയിലുണ്ടാകുന്ന കഥകളിലും വലിയ മാറ്റമാണ് ഉണ്ടായത്.

താരപ്രഭാവത്തെക്കാള്‍ കണ്ടന്റിന്റെ ബലത്തില്‍ സിനിമകള്‍ വിജയിപ്പിക്കുന്ന പ്രേക്ഷകരായി മലയാളികള്‍ മാറിക്കഴിഞ്ഞു. അതിനൊപ്പം എടുത്തുപറയേണ്ട ഒന്നാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും. നായകന് വെറുതെ പ്രേമിച്ച് രസിക്കാനും വിദേശത്ത് കൊണ്ടുപോയി ഡാന്‍സ് കളിപ്പിക്കാനും മാത്രമുള്ള നായികമാരില്‍ നിന്ന് മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ മാറിക്കഴിഞ്ഞു. നായകനെക്കാള്‍ പക്വതയും കാര്യപ്രാപ്തിയുമുള്ള നായികമാരുടെ കാലമാണിത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Theatrical poster

ഈ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. തിയേറ്ററുകളെ ഇളക്കിമറിച്ച് ഇന്‍ഡസ്ട്രിയിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറി. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ഒരു ഡയലോഗിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് ആഷ്‌ലിയും ജസ്റ്റിനും ഒന്നിക്കുന്ന സീനില്‍ തനിക്കും അയര്‍ലന്‍ഡിലേക്ക് വരാന്‍ പറ്റുമോ എന്ന് ജസ്റ്റിന്‍ ചോദിക്കുന്നുണ്ട്. ‘ഈ പ്രായത്തില്‍ വിസ കിട്ടില്ല. ഡിപ്പെന്‍ഡന്റ് വിസയില്‍ വരണമെങ്കില്‍ എന്നെ കെട്ടേണ്ടി വരും’ എന്നാണ് ആഷ്‌ലിയുടെ മറുപടി. ചിരിച്ചുകൊണ്ട് ജസ്റ്റിന്‍ അതിന് സമ്മതിക്കുന്നത് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Theatrical poster

പണ്ടുകാലത്ത് ഇങ്ങനെയൊരു ഡയലോഗ് എഴുതാന്‍ തിരക്കഥാകൃത്തുക്കള്‍ മടിക്കുകയും ഇനി എഴുതിയാല്‍ തന്നെ അത് സൂപ്പര്‍സ്റ്റാറുകള്‍ തിരുത്തുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. നായിക എപ്പോഴും നായകന്റെ കാല്‍ക്കീഴിലാകണമെന്ന ചിന്തയിലുണ്ടായ ഡയലോഗുകള്‍ ധാരാളമാണ്. ഫയര്‍ബ്രാന്‍ഡ് റൈറ്റര്‍ രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ഇതിന് ഉദാഹരണമാണ്.

തന്റെ കാമുകിയായ അമ്മുവിനെ നായകന്‍ രവി മാമന്‍ പ്രൊപ്പോസ് ചെയ്യുന്നത് ഇങ്ങനെയാണ്. ‘എത്രയൊക്കെ ദൂരത്തേക്ക് പറന്നാലും ഇങ്ങോട്ട് തന്നെ തിരിച്ചുവരേണ്ടിവരും നിനക്ക്, റിനോണ്‍ഡ് ഡാന്‍സര്‍ അമ്മു സ്വാമിനാഥനായിട്ടല്ല. എന്റെ അടുക്കളക്കാരിയായിട്ട്, എന്റെ അടിച്ചുതളിക്കാരിയായിട്ട്. എന്റെ കുട്ടികളുടെ അമ്മയായിട്ട്’ എന്നാണ് രവി മാമന്റെ ‘റൊമാന്റിക്’ പ്രൊപ്പോസല്‍. ഇത് കേട്ട് സന്തോഷാശ്രു പൊഴിക്കുന്ന നായികയെ കാണിക്കാനും സംവിധായകന്‍ മറന്നില്ല.

ദുബായ് Photo: Screen grab/ Matinee Now

സ്ത്രീ പുരുഷ തുല്യത ഫോഴ്‌സ്ഡായി കൊണ്ടുവരാതെ, ഇതെല്ലാം നോര്‍മലാണെന്നും ഇങ്ങനെയാണ് വേണ്ടതെന്നും പറയുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലുള്ള സിനിമകള്‍ വിജയിക്കുന്നത് നല്ലൊരു സൂചനയാണ്. മലയാളമല്ലാതെ മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇങ്ങനെയൊരു സീന്‍ കാണാന്‍ പറ്റാത്തതും മോളിവുഡിന് അഭിമാനിക്കാവുന്ന കാര്യമാണ്.

Content Highlight: Comparing the dialogues in Dubai and Bethlehem Kudumba Unit movies