ലോകഃ ചാപ്റ്റര്‍ വണ്ണിന്റെ ഫൈനല്‍ കളക്ഷന്‍ ഏതെങ്കിലും ബിഗ് ബജറ്റ് ചിത്രം മറികടക്കുമെന്നായിരുന്നു പലരും കഴിഞ്ഞവര്‍ഷം പ്രവചിച്ചത്. മോഹന്‍ലാലിന്റെ ലൈനപ്പിലുള്ള ഏതെങ്കിലും വമ്പന്‍ സിനിമ അടുത്ത 300 കോടി ചിത്രമായി മാറുമെന്ന് കണക്കുകൂട്ടിയപ്പോള്‍ ആറ് വര്‍ഷത്തോളം ഹിറ്റില്ലാതിരുന്ന ഒരു നടന്‍ നീലിയെ തളച്ചിരിക്കുകയാണ്.
കണ്ണഞ്ചിപ്പിക്കുന്ന ബജറ്റോ താരബാഹുല്യമോ ഇല്ലാതെ വന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് മോളിവുഡിലെ ഹൈയസ്റ്റ് ഗ്രോസറിലേക്ക് കുതിക്കുകയാണ്. ഓണം റിലീസായെത്തിയ ചിത്രം ചരിത്രവിജയമാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 130 കോടിയിലേറെ നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്നത്തോടെ 300 കോടിയെന്ന മാന്ത്രിക സംഖ്യ തൊടുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതുവരെ 299 കോടിയാണ് ചിത്രം നേടിയത്. ലോകഃയെ മറികടന്ന് ഹൈയസ്റ്റ് ഗ്രോസറാകാന്‍ ഇനിയും നാല് കോടിക്ക് മുകളില്‍ ആവശ്യമാണ്. ചരിത്രവിജയത്തിലേക്ക് നടന്നടുക്കുമ്പോള്‍ പുതിയ റെക്കോഡാണ് ബെത്‌ലഹേം സ്വന്തം പേരിലെഴുതുന്നത്. ഏറ്റവും വേഗത്തില്‍ 300 കോടി നേടിയ ചിത്രമെന്ന റെക്കോഡാണ് നിവിന്‍ സ്വന്തമാക്കിയത്.
മലയാളത്തിലെ വേഗതയേറിയ 100, 200 കോടി ചിത്രമെന്ന റെക്കോഡ് മോഹന്‍ലാലിന്റെ പേരിലാണ്. എമ്പുരാനിലൂടെ മോഹന്‍ലാല്‍ സ്വന്തം പേരിലെഴുതിയ ഈ നേട്ടം അടുത്തൊന്നും മറ്റൊരു സിനിമയും തകര്‍ക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. മോഹന്‍ലാലിന് ശേഷം ബോക്‌സ് ഓഫീസ് റെക്കോഡുകളുടെ അവകാശിയായി നിവിന്‍ മാറിക്കഴിഞ്ഞെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

സേഫ് സോണില്‍ നിന്ന് മാറി പരീക്ഷണ സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ നിരാശപ്പെടുത്തിയ നിവിന്‍ കഴിഞ്ഞവര്‍ഷം തിരിച്ചുവരവിന്റെ സൂചന നല്‍കിയിരുന്നു. സര്‍വ്വം മായയിലൂടെ കരിയറിലെ ആദ്യ 100 കോടി നേടിയ നിവിന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റിന്റെ അവകാശിയായി മാറിയിരിക്കുകയാണ്. ഇനിയങ്ങോട്ടും സേഫ് സോണില്‍ ശ്രദ്ധ നല്‍കാന്‍ തന്നെയാണ് നിവിന്റെ തീരുമാനമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
11 വര്‍ഷം മുമ്പ് പ്രേമത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം തലനാരഴിക്ക് നിവിന് നഷ്ടമായിരുന്നു. സെന്‍സേഷണല്‍ ഹിറ്റായി മാറിയ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായത് തിരിച്ചടിയായി. വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ട ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ചെറിയൊരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയിലൂടെ നിവിന്‍ തന്റെ പേരിലാക്കി മാസ് കാണിച്ചരിക്കുകയാണ്.
Content Highlight: Bethlehem Kudumba Unit movie became highest grosser
