ഇരമ്പിയാര്‍ക്കുന്ന ഒരു ഇരുമ്പുകൂട്. കാതടപ്പിക്കുന്ന ശബ്ദത്തോടെ പാളങ്ങളിലൂടെ അത് പാഞ്ഞുപോകുകയാണ്. വാതില്‍ തുറന്നപ്പോള്‍ ആദ്യം അകത്തേക്ക് കയറിയത് മനുഷ്യരായിരുന്നില്ല , ചൂടായിരുന്നു, അതിനുപിന്നാലെ വിയര്‍പ്പിന്റെ മണം….

വൃത്തിയാക്കാതെ കിടക്കുന്ന കോച്ചിന്റെ മണം അതിനൊപ്പം കലര്‍ന്നിരുന്നു.

പിന്നെ തിക്കിത്തിരക്കുന്ന ശരീരങ്ങള്‍.

ഒരു കൈയില്‍ ബാഗ്. മറ്റേ കൈയില്‍ കുഞ്ഞ്. നില്‍ക്കാന്‍ ഒരിടം തേടുന്ന കണ്ണുകള്‍. ഇരിക്കാന്‍ ഇടമില്ല. ചാരിനില്‍ക്കാന്‍ പോലും ഇടമില്ല. ഒരു വയോധികന്‍ ഏതെങ്കിലും കമ്പിയില്‍ പിടിച്ച് യാത്ര തുടരുന്നു.

ജനറല്‍ കോച്ചിലെ സീറ്റുകള്‍ക്ക് നമ്പറുകളുണ്ട്. പക്ഷേ ആ നമ്പറിനുള്ള അവകാശം ആര്‍ക്കാണ്? ടിക്കറ്റ് വാങ്ങിയ ഓരോ യാത്രക്കാരനും ഒരു സീറ്റ് ഉറപ്പില്ലെങ്കില്‍, ആ നമ്പറുകള്‍ എന്തിനാണ്?

ശ്വാസമെടുക്കാന്‍ പോലും മറ്റൊരാളുടെ ശരീരത്തിനിടയിലൂടെ വായു അന്വേഷിക്കേണ്ട അവസ്ഥ. ടോയ്‌ലറ്റുകളുടെ മുന്‍പില്‍ പോലും മനുഷ്യര്‍ക്ക് ഇരിക്കേണ്ടിവരുന്ന അവസ്ഥ എത്രത്തോളം മനുഷ്യന്റെ അടിസ്ഥാന അന്തസ്സിനെയും സുരക്ഷയെയും ചോദ്യം ചെയ്യുന്നതാണ്? ഈ അവസ്ഥയെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി കാണേണ്ട സമയമായില്ലേ?

ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ‘വാഗണ്‍ ട്രാജഡി’യുടെ കറുത്ത ചിത്രങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും.

വാ​ഗൺ ട്രാജഡി. ഒരു ചിത്രീകരണം

അന്ന് മനുഷ്യരെ വാഗണിനുള്ളില്‍ അടച്ചുപൂട്ടിയതായിരുന്നു ദുരന്തം.

ഇന്ന് ആരും നമ്മളെ അടച്ചുപൂട്ടിയിട്ടില്ല.

നമ്മള്‍ ടിക്കറ്റ് വാങ്ങിയാണ് കയറുന്നത്.

എന്നിട്ടും ചോദിക്കേണ്ടിവരുന്നു: ടിക്കറ്റ് വാങ്ങിയ ഒരു മനുഷ്യന് യാത്രയില്‍ അടിസ്ഥാനപരമായ മാന്യത പോലും ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ സംവിധാനം എങ്ങനെ എത്തി?

അന്ന് അടച്ചുപൂട്ടിയ വാഗണില്‍ മനുഷ്യര്‍ ശ്വാസംമുട്ടി മരിച്ചെങ്കില്‍, ഇന്ന് ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ തിളക്കമുള്ള പരസ്യങ്ങള്‍ക്കു താഴെ സാധാരണ മനുഷ്യന്‍ ഇത്തരമൊരു യാത്ര ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ട്?

Photo: Gemini

പുറത്ത് ഇന്ത്യ അതിവേഗം മുന്നോട്ട് പോകുകയാണ്. പുതിയ പാതകള്‍. പുതിയ സ്‌റ്റേഷനുകള്‍. അതിവേഗ ട്രെയിനുകള്‍. ഡിജിറ്റല്‍ ടിക്കറ്റുകള്‍. ആധുനിക റെയില്‍വേ.

പക്ഷേ അതേ ട്രെയിനിനുള്ളില്‍ ഒരു ചോദ്യം ശ്വാസംമുട്ടിക്കൊണ്ടിരുന്നു: ഈ വികസനത്തിന്റെ ട്രെയിനില്‍ സാധാരണക്കാരന് എത്രമാത്രം ഇടമുണ്ട്?

ഇത് വെറും തിരക്കാണോ? അല്ലെങ്കില്‍ നമ്മുടെ പൊതുഗതാഗത സംവിധാനത്തിന്റെ പരിമിതികളുടെ ഒരു നേര്‍ചിത്രമാണോ? ഒരു മനുഷ്യന് മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്നത് സാധാരണ യാത്രയായി നമ്മള്‍ അംഗീകരിച്ചുകഴിഞ്ഞോ? ഒരു വൃദ്ധന് ഇരിക്കാന്‍ സീറ്റില്ലാത്തത് സ്വാഭാവികമാണോ? ഒരു കുട്ടിക്ക് ബുദ്ധിമുട്ടോടെ യാത്ര ചെയ്യേണ്ടിവരുന്നത് എപ്പോഴാണ് ‘തിരക്ക്’ എന്ന വാക്കിനെ മറികടന്ന് മനുഷ്യന്റെ യാത്രാ അവകാശത്തിന്റെ ചോദ്യമാകുന്നത്?

ടോയ്‌ലറ്റിന്റെ വാതിലിനരികിലും വാതിലിന്റെ പടിയിലും മനുഷ്യര്‍ തിങ്ങിനില്‍ക്കുമ്പോള്‍, നമ്മള്‍ കൃത്യമായി എന്താണ് അളക്കുന്നത്? യാത്രക്കാരുടെ എണ്ണം മാത്രമോ, അതോ അവരുടെ ദുരിതത്തിന്റെ അളവോ?

രാജ്യം വന്ദേ ഭാരതിന്റെയും ഭാവിയിലെ ബുള്ളറ്റ് ട്രെയിനുകളുടെയും വേഗതയിലേക്ക് കുതിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഈ രാജ്യത്തെ ഒരു സാധാരണ മനുഷ്യന് ഒരു ട്രെയിനില്‍ നില്‍ക്കാന്‍ പോലും ഇടമില്ലാത്തത്?

വന്ദേ ഭാരത്. Photo: Wikipedia

വേഗതയേറിയ ട്രെയിനുകള്‍ ആവശ്യമില്ലെന്ന് ആരും പറയുന്നില്ല. ആധുനിക ട്രെയിനുകളും മികച്ച സൗകര്യങ്ങളും രാജ്യത്തിന് ആവശ്യമാണ്.

പക്ഷേ അതോടൊപ്പം ചോദിക്കേണ്ടത് ഇതാണ്: ആധുനിക റെയില്‍വേയുടെ അടിത്തറയായ സാധാരണ യാത്രക്കാരന്റെ സ്ഥാനം എവിടെയാണ്?

ഒരു രാജ്യത്ത് ഒരാള്‍ക്ക് വേഗതയും സൗകര്യവും നിറഞ്ഞ യാത്ര ലഭിക്കുമ്പോള്‍, മറ്റൊരാള്‍ക്ക് അതേ റെയില്‍വേയില്‍ മണിക്കൂറുകളോളം ശരീരം മടക്കി നില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

യാത്രയുടെ ദൂരം ഒന്നുതന്നെയെങ്കില്‍, യാത്രയുടെ അന്തസ്സിന് ഇത്ര വലിയ വ്യത്യാസം എന്തുകൊണ്ട്? നമ്മള്‍ അവരെ ‘സാധാരണക്കാര്‍’ എന്നാണ് വിളിക്കുന്നത്. പക്ഷേ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചലിപ്പിക്കുന്നത് ഇവരല്ലേ?

രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരങ്ങളിലേക്ക് പോകുന്ന തൊഴിലാളികള്‍, പഠിക്കാനായി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍, ദിവസങ്ങള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍…

അവരുടെ യാത്ര വെറും യാത്രയല്ല. അത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഒരു സീറ്റ് കിട്ടിയാല്‍ ഒരാള്‍ ഭാഗ്യവാനായി മാറുന്നു. ഒരു വയോധികന് ഒരു കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് ആശ്വാസമാകുന്നു. അമ്മയ്ക്ക് തിരക്കിനിടയില്‍ കുഞ്ഞിനെ സുരക്ഷിതമായി ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത് തന്നെ ഒരു നേട്ടമായി മാറുന്നു.

ഒരു യാത്രയില്‍ ഇത്ര ചെറിയ കാര്യങ്ങള്‍ എപ്പോഴാണ് വലിയ നേട്ടങ്ങളായി മാറിയത്? ഇവിടെയാണ് ഒരു ട്രെയിനിലെ തിരക്ക് ഒരു ഗതാഗതപ്രശ്‌നം എന്നതില്‍ നിന്ന് വലിയൊരു സാമൂഹിക ചോദ്യമായി മാറുന്നത്.

ഇന്ത്യയിലെ നഗരവത്കരണവും തൊഴില്‍ കേന്ദ്രീകരണവും ഈ ചോദ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മികച്ച തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായങ്ങള്‍ എന്നിവ ഏതാനും നഗരങ്ങളിലും കേന്ദ്രങ്ങളിലും കേന്ദ്രീകരിക്കപ്പെടുമ്പോള്‍, ഗ്രാമങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നും ആളുകള്‍ അവിടേക്ക് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്നു.

ജോലിക്കായി ഒരു നഗരം, വിദ്യാഭ്യാസത്തിനായി മറ്റൊരു നഗരം, ചികിത്സയ്ക്കായി മറ്റൊരിടം. വീട് മറ്റൊരിടത്ത്… ഒരു മനുഷ്യന്റെ ജീവിതം തന്നെ പല നഗരങ്ങളായി വിഭജിക്കപ്പെടുമ്പോള്‍, ആ മനുഷ്യരെ ബന്ധിപ്പിക്കേണ്ട പൊതുഗതാഗതത്തിന് അതിന്റെ ഭാരം വഹിക്കാന്‍ കഴിയുന്നുണ്ടോ?

യാത്രക്കാരുടെ ആവശ്യം വര്‍ധിക്കുന്നുവെന്ന് അറിയുമ്പോള്‍, അതിനനുസരിച്ച് പൊതുഗതാഗതത്തിന്റെ ശേഷി വികസിപ്പിക്കുന്നതില്‍ റെയില്‍വേ എവിടെയാണ് പിന്നിലാകുന്നത്?

ആവശ്യവും ലഭ്യതയും തമ്മിലുള്ള ഈ അന്തരം ആരുടെ ഉത്തരവാദിത്തമാണ്? തിരക്കേറിയ സര്‍വീസുകളില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും നേരിടുന്ന ബുദ്ധിമുട്ടുകളെ വെറും അസൗകര്യം എന്ന് വിളിച്ചാല്‍ മതിയാകുമോ?

ഒരു സ്ത്രീക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നുണ്ടോ? ഒരു കുട്ടിക്ക് മണിക്കൂറുകളോളം ഇത്തരമൊരു തിരക്കില്‍ യാത്ര ചെയ്യേണ്ടിവരുന്നത് സ്വാഭാവികമാണോ? ഒരു വയോധികന് ഇരിക്കാന്‍ ഇടമില്ലാത്തത് വെറും ‘തിരക്ക്’ എന്ന വാക്കുകൊണ്ട് മറച്ചുവയ്ക്കാനാകുമോ? അപകടമുണ്ടായാല്‍ അമിതമായ യാത്രക്കാരുടെ സാന്ദ്രത എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക?

സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ നമ്മള്‍ ഇത്രയും കാലമായി ‘സാധാരണ’ എന്ന് വിളിച്ചുകൊണ്ടിരിക്കുകയല്ലേ?

എന്നാല്‍ ഇവിടെ ഒരു കാര്യം കൂടി അംഗീകരിക്കേണ്ടതുണ്ട്. റെയില്‍വേ ഒന്നും ചെയ്യുന്നില്ല എന്നല്ല യാഥാര്‍ഥ്യം. സാധാരണ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുന്ന നടപടികളും, പുതിയ നോണ്‍ എ.സി കോച്ചുകളുടെ നിര്‍മാണവും, അമൃത് ഭാരത് പോലുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ നടപ്പാക്കുന്നുണ്ട്.

2024-25ല്‍ മാത്രം 1,250 ജനറല്‍ കോച്ചുകള്‍ വിവിധ ദീര്‍ഘദൂര ട്രെയിനുകളില്‍ ഉള്‍പ്പെടുത്തിയതായും, 2025-26 ഫെബ്രുവരി വരെ 860 കോച്ചുകള്‍ സ്ഥിരമായി വര്‍ധിപ്പിച്ചതായും റെയില്‍വേ വ്യക്തമാക്കുന്നു.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് 17,000 ജനറല്‍, സ്ലീപ്പര്‍ നോണ്‍ എ.സി കോച്ചുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പോള്‍ ചോദ്യം മറ്റൊന്നാണ്:

നടപടികള്‍ ഉണ്ടാകുമ്പോഴും, ചില തിരക്കേറിയ റൂട്ടുകളില്‍ സാധാരണക്കാരന്റെ യാത്ര ഇപ്പോഴും ഇത്രയും അസഹനീയമാകുന്നത് എന്തുകൊണ്ടാണ്?

ഒരു വശത്ത് റെയില്‍വേ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മറുവശത്ത് യാത്രക്കാരുടെ ആവശ്യവും അതിവേഗം ഉയരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,024 പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുകയും 4,651 കോച്ചുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തതായി റെയില്‍വേയുടെ കണക്കുകള്‍ പറയുന്നു. എന്നിട്ടും ചില റൂട്ടുകളില്‍ ഒരു കോച്ചിന്റെ വാതില്‍ തുറക്കുമ്പോള്‍ അകത്തേക്ക് കയറുന്നത് യാത്രക്കാരല്ല, തിരക്കാണ്.

അപ്പോള്‍ പ്രശ്‌നം എവിടെയാണ്?

കൂടുതല്‍ ട്രെയിനുകളിലോ?

കൂടുതല്‍ കോച്ചുകളിലോ?

അല്ലെങ്കില്‍ ആവശ്യവും ലഭ്യതയും തമ്മിലുള്ള ആസൂത്രണത്തിലോ?

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കുമ്പോള്‍ മറ്റൊരു ചിത്രം കാണാം. നെതര്‍ലാന്‍ഡ്‌സില്‍ തിരക്കേറിയ സമയങ്ങള്‍ ഒഴിവാക്കാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി തിരക്കില്ലാത്ത സമയങ്ങളിലെ യാത്രയ്ക്ക് കുറഞ്ഞ നിരക്കും പ്രത്യേക ഇളവുകളും നല്‍കുന്ന സംവിധാനങ്ങളുണ്ട്.

നെതർലൻഡ്സ് റെയിൽവേ സിസ്റ്റം. Photo; Wikipedia

ചില രാജ്യങ്ങളില്‍ യാത്രയ്ക്ക് മുമ്പുതന്നെ ട്രെയിനിലെ തിരക്കിന്റെ തോത് അറിയാന്‍ കഴിയുന്ന വിവരസാങ്കേതിക സംവിധാനങ്ങളുണ്ട്. ഇസ്രഈലില്‍ ചില റെയില്‍ കോച്ചുകളുടെ രൂപകല്‍പ്പന തന്നെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്.

ജപ്പാനാകട്ടെ, സമയകൃത്യതയെ റെയില്‍ സംവിധാനത്തിന്റെ പ്രധാന മൂല്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നു.

ജപ്പാനിലെ ഹെെസ്പീഡ് ട്രെയ്നുകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ നമ്മോട് പറയുന്നത് ഒരു കാര്യമാണ്: തിരക്ക് എന്നത് വെറും കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചാല്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല.

യാത്രക്കാരുടെ സ്വഭാവം മനസ്സിലാക്കണം… തിരക്ക് എപ്പോള്‍, എവിടെ, എത്രത്തോളം ഉണ്ടാകുന്നു എന്ന് കൃത്യമായി മനസ്സിലാക്കണം…. സാങ്കേതികവിദ്യ ഉപയോഗിക്കണം…. യാത്രാസമയം ക്രമീകരിക്കണം…. ആവശ്യമായിടത്ത് കോച്ചിന്റെ രൂപകല്‍പ്പന പോലും മാറ്റണം…

അപ്പോള്‍ ചോദിക്കേണ്ടത്: ഇതില്‍ നിന്നൊക്കെ നമ്മുടെ റെയില്‍വേയ്ക്ക് എന്താണ് പഠിക്കാനുള്ളത്? എന്നാല്‍ അതിനേക്കാള്‍ വലിയൊരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ക്ക് ദിവസവും ദൂരെയുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത്?

ഇവിടെയാണ് റെയില്‍വേയുടെ പരിധിക്കപ്പുറമുള്ള പ്രശ്‌നത്തിലേക്ക് നമ്മള്‍ എത്തുന്നത്. വികസനം തന്നെ വികേന്ദ്രീകരിക്കേണ്ടതില്ലേ?

ജോലി, വിദ്യാഭ്യാസം, ചികിത്സ, വ്യവസായം എന്നിവ ഏതാനും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നിടത്തോളം കാലം മനുഷ്യര്‍ അവിടേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. അപ്പോള്‍ എത്ര പുതിയ ട്രെയിനുകള്‍ ഓടിച്ചാലും തിരക്ക് വീണ്ടും തിരിച്ചുവരും. അതുകൊണ്ട് റെയില്‍വേയിലെ തിരക്ക് റെയില്‍വേയെക്കുറിച്ച് മാത്രം പറയുന്നില്ല.

അത് നമ്മുടെ നഗരങ്ങളെക്കുറിച്ചും, തൊഴില്‍വിതരണത്തെക്കുറിച്ചും, വിദ്യാഭ്യാസത്തെക്കുറിച്ചും, ആരോഗ്യസംവിധാനത്തെക്കുറിച്ചും, ഒടുവില്‍ നമ്മുടെ വികസന സങ്കല്‍പ്പത്തെക്കുറിച്ചും പറയുന്നു.

Passengers board trains drunk; Railways asks to change beverage outlets near stations

ഒരു സാധാരണ യാത്രക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ‘വികസനം’ എന്നത് വെറുമൊരു തിളങ്ങുന്ന സ്‌റ്റേഷനോ അതിവേഗ ട്രെയിനോ അല്ല.

അവന് വികസനം എന്നത് വളരെ ലളിതമാണ്: ‘സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുക.അന്തസ്സോടെ യാത്ര ചെയ്യാന്‍ കഴിയുക.ശ്വാസമെടുക്കാന്‍ ഇടമുണ്ടാകുക.വീട്ടിലെത്തുമ്പോള്‍ താന്‍ ഒരു മനുഷ്യനായി പരിഗണിക്കപ്പെട്ടുവെന്ന് തോന്നുക’

അതാണ് വികസനത്തിന്റെ ഏറ്റവും ചെറിയ അളവുകോല്‍, പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും. കാരണം ഒരു രാജ്യത്തിന്റെ പുരോഗതി അതിന്റെ ഏറ്റവും വേഗതയേറിയ ട്രെയിനില്‍ മാത്രം കാണാനാകില്ല.

ആ ട്രെയിനില്‍ കയറുന്ന ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ മുഖത്തും അതിന്റെ പുരോഗതി വായിക്കാനാകണം. എന്നാല്‍ ഇതിനെല്ലാം പുറമെ, ഒരു ചോദ്യം കൂടി ഉയരുന്നില്ലേ? യാത്രക്കാര്‍ കേവലം ഈ ദുരിതം സഹിച്ച് മടങ്ങേണ്ടവരാണോ? അതോ സ്വന്തം യാത്രാവകാശങ്ങള്‍ക്കായി കൂട്ടായ ശബ്ദമുയര്‍ത്തേണ്ടവരാണോ?

ജനറല്‍ കോച്ചുകളുടെ അപര്യാപ്തതയും യാത്രാദുരിതങ്ങളും സംബന്ധിച്ച് യാത്രക്കാരുടെ കൂട്ടായ്മകള്‍ സംഘടിതമായി ശബ്ദമുയര്‍ത്തേണ്ടതില്ലേ? കൂട്ടായ നിവേദനങ്ങളിലൂടെയും ജനപ്രതിനിധികളിലൂടെയും നിയമപരമായ സംവിധാനങ്ങളിലൂടെയും ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ ഈ പ്രശ്‌നങ്ങള്‍ ശക്തമായി എത്തിക്കേണ്ടതില്ലേ?

കാരണം പൊതുഗതാഗതം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല; അതിനെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്കും അതിന്റെ നിലവാരത്തെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അവകാശമില്ലേ?

ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും യാത്രക്കാരുടെ കൂട്ടായ ബോധവും ഒരുമിക്കുമ്പോഴല്ലേ ഇന്ത്യന്‍ റെയില്‍വേയിലെ ഈ യാത്രാക്ലേശത്തില്‍ ഒരു സ്ഥിരമായ മാറ്റത്തിന് വഴിതുറക്കുക?

രാജ്യം കുതിക്കട്ടെ.

ട്രെയിനുകള്‍ വേഗത്തില്‍ ഓടട്ടെ.

പുതിയ പാതകള്‍ വരട്ടെ.

പുതിയ സാങ്കേതികവിദ്യകള്‍ വരട്ടെ.

ജനറല്‍ കോച്ചുകള്‍ വര്‍ധിക്കട്ടെ.

കൂടുതല്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ.

പക്ഷേ ആ കുതിപ്പിനിടയില്‍ സാധാരണക്കാരന്‍ കിതയ്ക്കുന്നുണ്ടെങ്കില്‍, നമ്മള്‍ ചോദ്യം ചെയ്യുന്നത് വികസനത്തെയല്ല, വികസനത്തിന്റെ ദിശയെയാണ്. മനുഷ്യന് നാളെ കൂടുതല്‍ വിശാലമായ ഒരു യാത്ര ലഭിക്കട്ടെ.

ഇന്ന് തിരക്കിനിടയില്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ആ അമ്മയ്ക്ക് നാളെ ഒരു സീറ്റ് ലഭിക്കട്ടെ. ഇന്ന് ഒരു കമ്പിയില്‍ മുറുകെ പിടിച്ചുനില്‍ക്കുന്ന ആ വയോധികന് നാളെ യാത്ര ഭയമല്ല, ആശ്വാസമാകട്ടെ. അങ്ങനെയൊരു ദിവസം വരുമ്പോഴാണ് ഒരു പുതിയ ട്രെയിന്‍ ഓടിയെന്ന് മാത്രമല്ല,
ഒരു പുതിയ യാത്ര ആരംഭിച്ചെന്ന് നമുക്ക് പറയാനാകുക.

ട്രെയിന്‍ ഇപ്പോഴും മുന്നോട്ടുപോകുകയാണ്. പാളങ്ങള്‍ പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു.

പുറത്ത് ഇന്ത്യ കുതിച്ചുകൊണ്ടിരിക്കുന്നു. അകത്തുള്ള മനുഷ്യനും ഒരുനാള്‍ ആ കുതിപ്പിനൊപ്പം സഞ്ചരിക്കട്ടെ.

 

Content Highlight: Nubson Thottathil writes about Indian rail transport and the ordinary people who have to travel in overcrowded trains.