അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി അവസരം ലഭിച്ചെങ്കിലും സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. എട്ട് പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പടെ 10 റണ്‍സാണ് താരം നേടിയത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ഡാര്‍വിഷ് റസൂലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു സഞ്ജു.

ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ചും വൈഭവ് സൂര്യവംശിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ലോകകപ്പിന് ശേഷം സഞ്ജുവിനോട് അനീതി കാണിച്ചിട്ടുണ്ടെന്ന് നമ്മള്‍ പറഞ്ഞിരുന്നെങ്കിലും സഞ്ജു വീണ്ടും പുറത്തായെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വൈഭവ് സൂര്യവംശി സിംബാബ്‌വേയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും പുറത്തിരിക്കുന്നത് സഞ്ജുവിന് സമ്മര്‍ദമുണ്ടാക്കുമെന്നും ചോപ്ര പറഞ്ഞു.

‘ഞാന്‍ ഒരേയൊരു താരത്തെയാണ് ഫോക്കസ് ചെയ്യുന്നത്, അത് സഞ്ജു സാംസണാണ്. കാരണം, ഇതുവരെ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തോട് ചെറിയൊരു അനീതി കാണിച്ചിട്ടുണ്ടെന്നാണ്. നിങ്ങള്‍ ലോകകപ്പ് വിജയിക്കുന്നു, തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയതിന് ശേഷം ടീമില്‍ നിന്ന് പുറത്താകുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വീണ്ടും പുറത്താകേണ്ടിവന്നു. അദ്ദേഹം മോശമല്ലാതെ ബാറ്റ് ചെയ്യുകയായിരുന്നു, എന്നാല്‍ ഡീപില്‍ ക്യാച്ച് നല്‍കി പുറത്തായി. ഒരു ഇന്നിങ്‌സ് മോശമായി പോയി, ഇനി ആ ഇന്നിങ്‌സുകളും കണക്കില്‍ വരും.

അതേസമയം വൈഭവ് സൂര്യവംശി പുറത്തിരിക്കുകയാണ്. സിംബാബ്‌വേയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം വൈഭവിനെ പുറത്തിരുത്തിയതില്‍ ഇപ്പോള്‍ തന്നെ ഒരു ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. സഞ്ജുവിനെ കളിപ്പിക്കണമെന്ന നിലപാടായിരുന്നു എനിക്ക്.

എന്നാല്‍ വൈഭവ് പുറത്തിരിക്കുമ്പോഴെല്ലാം സഞ്ജുവിന് സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കും. വൈഭവ് പുറത്തിരിക്കുകയും ചെയ്യുന്നിടത്തോളം ഈ സമ്മര്‍ദം തുടര്‍ന്നുകൊണ്ടേയിരിക്കും,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 38 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യ 1-0ന് മുമ്പിലെത്തി.

ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയതിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ടി-20യില്‍ തിളങ്ങിയിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജുവിനെ സിംബാബ്‌വേ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സഞ്ജുവിന് പകരം വൈഭവ് ആയിരുന്നു ഓപ്പണറായി കളത്തിലിറങ്ങിയിരുന്നത്. ഇപ്പോള്‍ അഫ്ഗാനെതിരായ പരമ്പര സഞ്ജുവിന് ഏറെ നിര്‍ണായകമാണ്.

Content Highlight: Aakash Chopra Talking About Sanju samson And Vaibhav Suryavanshi