‘പ്രേമലു’വിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. മലയാളത്തിന് പിന്നാലെ തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായ താരം സൂര്യ, വിജയ് തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചുകഴിഞ്ഞു. എന്നാൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും മമിതയുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് നടി മഞ്ജുശ്രീ നായർ. സെറ്റിൽ എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന, വളരെ ലളിതമായ സ്വഭാവമാണ് മമിതയുടേതെന്നും മഞ്ജുശ്രീ പറഞ്ഞു.
‘സീനിൽ ഭയങ്കര ഗൗരവമായിരിക്കും അമ്മയായ ഞാൻ. അത് കഴിഞ്ഞാൽ ഞാൻ എന്തേലും പറഞ്ഞിരിക്കും. പിന്നെ ഭയങ്കര ഹംപിളാണ്, ഭയങ്കര സിമ്പിളായിട്ടുള്ള ഒരു മോളാണ്. നമ്മുടെ വീട്ടിലൊക്കെ ഉള്ള കുട്ടികളെ പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് പെൺകുട്ടികളായതുകൊണ്ട് തന്നെ എന്റെ മക്കളെ പോലെ തോന്നി,’ മഞ്ജുശ്രീ പറഞ്ഞു.

തമിഴിൽ നിരവധി സിനിമകളിലും വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടും ആ സ്റ്റാർഡം മമിതയെ ഒട്ടും ബാധിച്ചിട്ടില്ലെന്നും മഞ്ജുശ്രീ പറഞ്ഞു. ഷോട്ട് കഴിഞ്ഞാൽ മറ്റുള്ളവരിൽ നിന്ന് മാറിനിൽക്കാതെ സെറ്റിൽ തന്നെ ഇരുന്ന് എല്ലാവരോടും സംസാരിക്കുന്ന സ്വഭാവമാണ് മമിതയ്ക്കെന്നും അവർ പറയുന്നു.
‘ഇത്രയും കഴിഞ്ഞിട്ടും തമിഴിൽ ഒരുപാട് സിനിമകൾ ചെയ്തല്ലോ, ഒരുപാട് വലിയ ആക്ടേഴ്സിന്റെ കൂടെ അഭിനയിച്ചല്ലോ. പക്ഷെ അതൊന്നും ഒട്ടും മമിതയെ ബാധിച്ചിട്ടില്ല. വളരെ സിമ്പിളായിട്ട് അവിടെ വന്നിരിക്കും. ഷോർട്ട് കഴിഞ്ഞ് ഓടിപ്പോയി അങ്ങനെ ഒന്നുമില്ല. അവിടെ തന്നെ ഇരുന്ന് നമ്മൾ വർത്താനം ഒക്കെ പറഞ്ഞിരിക്കും. എല്ലാവരോടും നന്നായി ഇരുന്ന് എല്ലാവരുമായിട്ടും ഇടപഴകും,’ മഞ്ജുശ്രീ പറഞ്ഞു.
മറ്റുള്ളവരെ പരിചരിക്കുന്ന മമിതയുടെ സ്വഭാവത്തെ കുറിച്ചും മഞ്ജുശ്രീ കൂട്ടിച്ചേർത്തു. ‘ചിലപ്പോൾ ഞാൻ ചെന്നിരിക്കുമ്പോൾ ഫാൻ ഒന്നുമില്ലെങ്കിൽ നമുക്ക് മമിത തന്നെ വന്ന് അതൊക്കെ എടുത്ത് ഇങ്ങനെ വെച്ച് തരും. അങ്ങനത്തെ ഒരു ക്വാളിറ്റി ഞാൻ ഒരാളിലും കണ്ടിട്ടില്ല. നമ്മൾക്കൊന്നും അത് വെച്ചുതരേണ്ട ഒരാവശ്യവുമില്ല. ആ കുട്ടിക്ക് അവിടെ ഇരുന്നാൽ മതി. അത്രയും സിമ്പിളായിട്ടുള്ള ഒരാളാണ്,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.

മമിത. Photo. Screen Grab/ Youtube
മമിതയ്ക്ക് ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാനുള്ള കഴിവുണ്ടെന്നും മഞ്ജുശ്രീ പറയുന്നു. ‘അതുകൊണ്ടായിരിക്കും ആൾക്ക് ഇതുപോലെ നല്ല നല്ല ഉയരങ്ങളിൽ എത്താൻ കാലിബറുള്ളത്. നമ്മുടെ ബോളിവുഡും കടന്ന് ഹോളിവുഡിലേക്കൊക്കെ പോട്ടെ എന്നാണ് ഞാൻ പറയുന്നത്. തീർച്ചയായിട്ടും നല്ല ഭയങ്കര ടാലന്റഡാണ്,’ മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Actress manjusree talks about mamitha baiju
