മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വര്‍ഷമായി ഇതിനോടകം തന്നെ മാറിയിരിക്കുകയാണ് 2026. ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ആട് 3 നൂറ് കോടി ക്ലബ്ബിലെത്തുകയും പിന്നാലെ പുറത്തിറങ്ങിയ വാഴ 2, മോഹിനിയാട്ടം, അതിരടി, ദൃശ്യം 3, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ആയിരം കോടിയ്ക്ക് മുകളിലാണ് മലയാള സിനിമയില്‍ നടന്ന ബിസിനസ്. കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷന്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുകയും ചെയ്തതോടെ വലിയ ആവേശത്തിലായിരുന്നു സിനിമാ ലോകം.

കേരള ബോക്‌സ് ഓഫീസില്‍ നിന്നും 138 കോടിയിലധികം നേടിയാണ് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. വാഴ 2 നേടിയ 125 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ബെത്‌ലഹേമിന്റെ നേട്ടം. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ആഗോള കളക്ഷന്‍ വെട്ടിച്ച് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ബെത്‌ലഹേം കഴിഞ്ഞ ദിവസം മാറിയിരുന്നു.

Photo: X.com

എന്നാല്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ കാര്യമെന്തെന്നാല്‍ 300 കോടിയെന്ന നേട്ടത്തിലെത്താന്‍ ലോകഃയ്ക്ക് 45 ദിവസമെടുത്തപ്പോള്‍ ബെത്‌ലഹേം എടുത്തത് 24 ദിവസം മാത്രമാണെന്നുള്ളതാണ്. വെറുമൊരു റോം-കോം ചിത്രമായിരുന്നിട്ടും ക്ലാഷിനെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമായിട്ടും റിലീസിന് ശേഷം ഷോകള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് ലോകഃയെടുത്തതിനെക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിവിന്‍ പോളി ചിത്രം 300 കോടി ക്ലബ്ബിലെത്തിയത്.

ഇത് മോളിവുഡിന്റെ വളര്‍ച്ചയായാണ് പല സിനിമ പേജുകളും വിലയിരുത്തുന്നത്. വലിയ ഹൈപ്പോ പ്രൊമോഷനെ ഇല്ലാതിരുന്നിട്ടും ചിത്രങ്ങളെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററുകളിലെത്തി പ്രോത്സാഹിപ്പിക്കുന്നത് നല്ല ചിത്രങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിന് സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. നല്ല രീതിയില്‍ പ്രൊമോഷനും ഹൈപ്പും നല്‍കിയാല്‍ മികച്ച ഓപ്പണിങ് കളക്ഷനടക്കം 400 മുതല്‍ 500 കോടി വരെ നേടാനുള്ള കെല്‍പ്പ് ഇപ്പോള്‍ മലയാളത്തിനുണ്ട്.

എമ്പുരാന്‍. Photo: X.com

മോഹന്‍ലാല്‍ നായകനായി വലിയ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ എമ്പുരാന്‍ വെറും നാല് ദിവസങ്ങള്‍ കൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 175 കോടിയായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതോടെ ചിത്രം 266 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ എമ്പുരാന് കിട്ടിയ പോലെ മികച്ച ഓപ്പണിങ്ങും ബെത്‌ലഹേമിന് കിട്ടിയ പോലെ കുടുംബപ്രേക്ഷകരുടെ പിന്തുണയും ലഭിക്കുകയാണെങ്കില്‍ അന്യഭാഷ ഇന്‍ഡസ്ട്രികളിലെ പോലെ മലയാള ചിത്രങ്ങള്‍ അഞ്ഞൂറ് കോടി നേടുന്ന കാലം വിദൂരമല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Malayalam Film Industry grows bigger each day