ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയ്ക്കിടെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ്‌യെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം വിജയ് ശങ്കര്‍. ഒമര്‍സായ്‌യാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്ന് വിജയ് ശങ്കര്‍ തുറന്നുപറഞ്ഞു.
ദല്‍ഹിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍, മത്സരത്തില്‍ 44 പന്തില്‍ നിന്ന് പുറത്താകാതെ 64 റണ്‍സ് നേടുകയും സഞ്ജു സാംസണിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഒമര്‍സായിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അസ്മത്തുള്ള ഒമര്‍സായ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വിജയ് ശങ്കര്‍ അസ്മത്തുള്ളയെ കുറിച്ച് സംസാരിച്ചത്.

വിജയ് ശങ്കര്‍
‘അവന്‍ എന്റെ ഫേവറിറ്റ് പ്ലെയറാണ്. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാന്‍ അവന് സാധിക്കും. ഒപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയും. അതുകൊണ്ടുതന്നെ അവന്‍ ഒരു കംപ്ലീറ്റ് പാക്കേജും പ്രോപ്പര്‍ ഓള്‍റൗണ്ടറുമാണ്. വെറുതെ രണ്ട് ഓവര്‍ മാത്രം എറിയുന്ന ഒരു ‘ബിറ്റ്‌സ് ആന്റ് പീസസ്’ ഓള്‍റൗണ്ടറല്ല അവന്‍,’ വിജയ് ശങ്കര്‍ പറഞ്ഞു.
നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമാണ് ഒമര്‍സായ്. ഏകദിനത്തില്‍ 40ന് മുകളില്‍ ശരാശരിയിലും 98.50 സ്‌െ്രെടക്ക് റേറ്റിലും ബാറ്റ് വീശുന്ന താരം 28.28 ആണ് താരത്തിന്റെ ബൗളിങ് ശരാശരി.

അസ്മത്തുള്ള ഒമര്‍സായ്
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെക്കുറിച്ചും വിജയ് ശങ്കര്‍ സംസാരിച്ചു. ആദ്യ ടി-20യില്‍ അവസരം ലഭിച്ചെങ്കിലും 2 ഓവറില്‍ 30 റണ്‍സ് വഴങ്ങിയ നിതീഷിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.
നിതീഷിന് ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കണമെന്നാണ് വിജയ് ശങ്കര്‍ ആവശ്യപ്പെടുന്നത്.
‘റണ്‍സ് വഴങ്ങിയാലും ഇല്ലെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒരു ഓള്‍റൗണ്ടര്‍ ആകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അവസരം കിട്ടിയാല്‍ തന്നെ ഒന്നോ രണ്ടോ ഓവര്‍ മാത്രമായിരിക്കും ലഭിക്കുക, അതില്‍ തന്നെ പ്രകടനം പുറത്തെടുക്കുകയും വേണം.

നിതീഷ് കുമാര്‍ റെഡ്ഡി
ഒരു ബാറ്റര്‍ എന്ന നിലയില്‍, മറ്റുള്ളവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നതിനാല്‍ അവന്‍ തന്റെ ഊഴത്തിനായി കാത്തിരിക്കേണ്ടി വരുന്നു. വല്ലപ്പോഴും ലഭിക്കുന്ന അപൂര്‍വ അവസരങ്ങളില്‍ അവന്‍ റണ്‍സ് കണ്ടെത്തുകയും വേണം. തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കിയാല്‍ ഇന്ത്യക്ക് ലഭിക്കുന്ന വളരെ മികച്ചൊരു ഓള്‍റൗണ്ടറായി അവന്‍ മാറും,’ വിജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
2024 അവസാനം അരങ്ങേറ്റം കുറിച്ച നിതീഷ് ഏകദേശം രണ്ട് വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റുകളിലുമായി 21 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍, ദല്‍ഹിയില്‍ നടക്കുന്ന രണ്ടാം മത്സരത്തിലും താരത്തിന് അവസരം ലഭിച്ചേക്കും.
Content Highlight: Vijay Shankar says Azmathullah Omarzai is his favorite player
