ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അർജന്റൈൻ ഇതിഹാസം ലയണൽ മെസി അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മെസി അർജന്റീനക്കൊപ്പം വിടവാങ്ങൽ മത്സരം കളിക്കുമെന്നാണ് റിപ്പോർട്ട്.
അർജന്റൈൻ മാധ്യമപ്രവർത്തകനായ എർണാൻ ക്ലോസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനയിലെ ഹോം മൈതാനത്ത് മെസിക്ക് വലിയ യാത്രയയപ്പ് നൽകാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നീക്കങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ട്.
വിരമിച്ച മെസിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആദരം അർപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ എല്ലാ ഒഫീഷ്യൽ മത്സരങ്ങളിലും ആദ്യ പകുതിയിൽ പത്താം മിനിറ്റിൽ കളി നിർത്തിവെക്കുകയൂം ഒരു മിനിട്ട് മെസിക്ക് വേണ്ടി ആദരം നൽകണമെന്നുമാണ് എ.എഫ്.എ പ്രഖ്യാപിച്ചത്. ഈ നിർദേശ പ്രകാരം അർജന്റൈൻ ക്ലബ്ബുകൾ മെസിക്ക് ആദരം നൽകുകയും ചെയ്തിരുന്നു.

കോപ്പ അർജന്റീനയിൽ ബൊക്ക ജൂനിയേർസ്-വെലസ് സാർസ്ഫീൽഡും തമ്മിലുള്ള മത്സരത്തിലാണ് ഈ ചരിത്ര നിമിഷം പിറവിയെടുത്തത്. മത്സരം പത്താം മിനിട്ടിലേക്ക് കടന്നതോടെ മത്സരം റഫറി നിർത്തിവെക്കുകയായിരുന്നു. താരങ്ങളും പരിശീലരും ഗാലറിയിലെ ആരാധകരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിക്ക് ആദരം അർപ്പിച്ചത്.
അതേസമയം അർജന്റൈൻ ഫുട്ബോളിന് ഐതിഹാസിക സംഭാവനകൾ നൽകിയാണ് മെസി കളം വിട്ടത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പിൽ തുടർച്ചയായി അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസിക്ക് സാധിച്ചിരുന്നു.
2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.
Content Highlight: Report says Lionel Messi will play a farewell match for Argentina
