ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ദല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി). സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച വിദ്യാര്‍ത്ഥികളോട് സര്‍ക്കാരും ബി.ജെ.പിയും തികഞ്ഞ അനുകമ്പയില്ലായ്മയും ക്രൂരതയുമാണ് കാണിക്കുന്നതെന്നും എ.എ.പി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദല്‍ഹിയിലെ ശ്രീ ഖട്ടു ശ്യാം വിശാല്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് എ.എ.പി രംഗത്തുവന്നത്.

കുണ്ഡിയ യജ്ഞം, രക്തദാന ക്യാമ്പ്, തലസ്ഥാനത്തുടനീളം ദീപങ്ങള്‍ തെളിയിക്കല്‍ എന്നിവയുള്‍പ്പെടെ വന്‍ ആഘോഷ പരിപാടികളാണ് ദല്‍ഹി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരം കര്‍ത്തവ്യ പഥില്‍ 1.25 ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ദുഖം മാറും മുമ്പേ ദല്‍ഹി സര്‍ക്കാര്‍ ഇത്തരത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് വിവരമില്ലായ്മയാണെന്നും എ.എ.പി കുറ്റുപ്പെടുത്തി. സപ്റ്റംബര്‍ ആറിനാണ് സത്യ നികേതനിലെ പി.ജി കെട്ടിടം തകര്‍ന്നു വീണ് അഞ്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടത്.

അപകടം നടന്ന് 13 ദിവസങ്ങള്‍ തികയുന്നതിന് മുമ്പ് ഇത്തരം ആര്‍ഭാട ആഘോഷങ്ങള്‍ നടത്തുന്നത് തികച്ചും അനുചിതമാണെന്ന് എ.എ.പി ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

‘ഹൈന്ദവ ആചാരങ്ങള്‍ അനുസരിച്ച് മരണം നടന്ന് 13 ദിവസം കഴിയുന്നതുവരെ ‘സൂതക്’ കാലയളവാണ്. വെള്ളിയാഴ്ച (സെപ്റ്റംബര്‍ 18) വരാനിരിക്കുന്ന ഇവരുടെ പതിമൂന്നാം ചടങ്ങിന് (തെരാവി) മുന്നോടിയായി ഇത്തരത്തില്‍ ആഘോഷങ്ങളും ഹവനങ്ങളും നടത്തുന്നത് ദല്‍ഹി മുഖ്യമന്ത്രിയുടെ നാണമില്ലായ്മയെയും സംവേദനക്ഷമതയില്ലായ്മയെയുമാണ് കാണിക്കുന്നത്,’ ഭരദ്വാജ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ നാഴികക്കല്ല് ആഘോഷിക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘സേവാ സങ്കല്‍പ് അഭിയാന്‍’ പരിപാടിക്കും ദല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ദുരന്തബാധിതരായ കുടുംബങ്ങളോട് കാണിക്കുന്ന ഈ അനാദരവിനെതിരെ എ.എ.പി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Celebrations before tears have dried; AAP targets Delhi government over Modi’s birthday celebrations.