മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവും സംവിധായകനുമാണ് പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങളിലൊന്നായ എമ്പുരാനും ലൂസിഫറും സംവിധാനം ചെയ്ത പൃഥ്വി അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം പ്രധാനവേഷത്തിലെത്തിയ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി.

ഇന്ത്യയില്‍ ഇന്നേവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന വാരണാസിയില്‍ വില്ലനായാണ് പൃഥ്വി വേഷമിടുന്നത്. താരത്തിന്റേതായി നാളെ (വെള്ളി) തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ദായ്‌റ. കരീന കപൂറും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് സംവിധായിക മേഘ്‌ന ഗുല്‍സാര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

ദായ്‌റ. Photo: District

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇവന്റുകളില്‍ മലയാള സിനിമയെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ പുറത്തിറങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘സിനിമയെ പുതിയ ഒരു തലത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരുപാട് എഴുത്തുകാരുള്ള കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ മലയാള സിനിമ കടന്നുപോകുന്നത്. അതിലും പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വെച്ചാല്‍ എല്ലാ തരത്തിലുള്ള ചിത്രങ്ങളും തിയേറ്ററിലെത്തി കാണുന്ന വലിയ വിഭാഗം പ്രേക്ഷകര്‍ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. ഒരുപാട് കാലം മുമ്പ് തന്നെ ക്രൈം ത്രില്ലര്‍, പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഴോണറായിരുന്നു.

പ്രഥമാ ദൃഷ്ടാ കുറ്റക്കാര്‍. Photo: X.com

ഏറ്റവും പുതുതായി തിയേറ്ററുകളിലെത്തിയ പ്രഥമാ ദൃഷ്ടാ കുറ്റക്കാര്‍ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പൊലീസ് ഓഫീസേഴ്‌സ് സിനിമയിലേക്ക് എത്തുന്ന ട്രഡീഷനും മലയാളത്തിലുണ്ട്. ഷാഹി കബീര്‍ എന്ന എഴുത്തുകാരന്റെ പേര് എടുത്തുപറയേണ്ടതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന ആളാണ് അദ്ദേഹം. ഇന്ന് മലയാളത്തിലെ കോപ് ചിത്രങ്ങള്‍ ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംവിധായകനും തിരക്കഥാകൃത്തും ആണ് അദ്ദേഹം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithiviraj Sukumaran talks about cop thriller movies in Malayalam