ന്യൂദല്‍ഹി: ലോക എകണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗാപ് ഇന്‍ഡക്‌സില്‍ 145 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 131ാം സ്ഥാനത്ത്.

ആഗോളതലത്തില്‍ ജെന്‍ഡര്‍ ഗ്യാപ്പിന്റെ 69.2 ശതമാനം നികത്താന്‍ സാധിച്ചതായി വേള്‍ഡ് ഇക്കണോമിക് ഫോറം അറിയിച്ചു. അതേസമയം, ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ ഇന്ത്യയില്‍ ലിംഗസമത്വത്തിലേക്കുള്ള പുരോഗതി 64.5 ശതമാനമാണ്. ഇത് അന്താരാഷ്ട്ര ശരാശരിയേക്കാള്‍ താഴെയാണ്. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  0.4 ശതമാനത്തിന്റെ വര്‍ധനവാണിത്.

പട്ടികയില്‍ 14 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് താഴെയുള്ളത്. ഇറാന്‍, പാകിസ്ഥാന്‍, ചാഡ് എന്നിവയാണ് അവസാനസ്ഥാനങ്ങളില്‍.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ 2006 മുതലുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ലിംഗഅസമത്വം 20 വര്‍ഷത്തില്‍ 4.3 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് 5.2 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക പങ്കാളിത്തം, അവസരം, തൊഴിലവസരങ്ങള്‍, വിവിധ തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ജെന്‍ഡര്‍ ഗാപ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

പട്ടികയില്‍ ഐസ്‌ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലിംഗ അസമത്വം 90 ശതമാനത്തിലധികം നികത്തിയ ഏക രാജ്യവും ഐസ്‌ലന്‍ഡ് ആണ്. ഫിന്‍ലന്‍ഡും നോര്‍വെയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. നമിബിയ, യു.കെ, ന്യൂസിലാന്‍ഡ്, സ്വീഡന്‍, ഓസ്‌ട്രേലിയ, ജര്‍മനി, അയര്‍ലന്‍ഡ് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റുരാജ്യങ്ങള്‍.

Content Highlight: India’s rank on Global Gender Gap Index unchanged at 131; Iceland retains top spot