കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തിയ മുട്ടയേറിനെ പരിഹസിച്ചുകൊണ്ടുള്ള ജസ്റ്റിസിന്റെ പരാമര്‍ശത്തിനാണ് മഹുവ മറുപടി നല്‍കിയത്.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മഹുവാ മൊയ്ത്രയുടെ മറുപടി. ഇതില്‍ സുപ്രീം കോടതിയെയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

‘ബഹുമാനപ്പെട്ട ജസ്റ്റിസ് ദീപങ്കര്‍ ദത്തയ്ക്ക് വലിയൊരു നമസ്‌കാരം! മൈ ലോര്‍ഡ്, പശ്ചിമ ബംഗാള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് ഞാന്‍ എന്റെ മണ്ഡലത്തില്‍ ഒരു യോഗത്തിനായി എത്തിയത്.

എന്നാല്‍ പൊലീസിന്റെ സഹായത്തോടെ തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ എനിക്ക് നേരെ മുട്ടയെറിഞ്ഞു. നിങ്ങളുടെ ഉപദേശം ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു; ഒരു സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകളെ നേരിട്ടതുപോലെ തന്നെയാണ് ഞാന്‍ ഇതെല്ലാം നേരിട്ടത്,’ മഹുവ കുറിപ്പിലെഴുതി.

നേരത്തെ, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോടതിയില്‍ ഹാജരാകുമ്പോള്‍ തനിക്ക് നേരെ മുട്ടയെറിയാന്‍ സാധ്യതയുണ്ടെന്ന ആശങ്ക മഹുവയ്ക്കുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴും മുട്ടയെറിയുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും പിന്നീട് യഥാര്‍ത്ഥത്തില്‍ മുട്ടയെറിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മഹുവയ്ക്ക് വെര്‍ച്വലായി ഹാജരാകാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും ഷീല്‍ നാഗുവും ഉള്‍പ്പെട്ട ബെഞ്ച് ഹരജിയില്‍ ഇടപെടാന്‍ തയ്യാറായില്ല.

‘നിങ്ങള്‍ ഒരു പാര്‍ലമെന്റ് അംഗമാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ മുട്ടയെ ഭയപ്പെടുകയാണോ? നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ നെഞ്ചില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയവരാണ്’ എന്നായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

ഇത്തരം അപേക്ഷകള്‍ കോടതിയില്‍ വരേണ്ടതില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കോടതി അനുകൂല ഉത്തരവ് നല്‍കില്ലെന്ന് വ്യക്തമായതോടെ മഹുവയുടെ അഭിഭാഷകന്‍ ഹരജി പിന്‍വലിച്ചു. തുടര്‍ന്ന് ഹരജി പിന്‍വലിച്ചതായി പരിഗണിച്ച് കോടതി തള്ളുകയായിരുന്നു.

ഈ കോടതി പരാമര്‍ശത്തെയും അതിന് പിന്നാലെ തനിക്കെതിരെ വീണ്ടും നടന്ന മുട്ടയേറിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് തൃണമൂല്‍ എം.പിയുടെ രൂക്ഷമായ പരിഹാസവും പ്രസ്താവനയും.

ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ വിളികളോടെയാണ് വാഹനത്തിന് നേരെ അക്രമം നടത്തിയതെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നും അവര്‍ ആരോപിച്ചു.

 

Content Highlight: ‘I faced them like a freedom fighter’: Mahua Moitra after the incident where eggs were thrown at her car in Bengal.