കൊച്ചി: കളമശ്ശേരിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ പൊലീസ് റെയ്ഡ്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്.

പുലര്‍ച്ച അഞ്ചുമണിക്ക് ആരംഭിച്ച റെയ്ഡില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ച് വാങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് തങ്ങളുടെ ജോലി തടസ്സപ്പെടുന്ന തരത്തിലാണ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

70ഓളം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ചാനലിന്റെ സംപ്രേക്ഷണത്തെയും പൊലീസ് റെയ്ഡ് ബാധിച്ചു.

തങ്ങളുടെ ഓഫീസില്‍ പൊലീസ് നടത്തുന്നത് ഗുണ്ടായിസമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി അഭിപ്രായപ്പെട്ടു. ഒരു നോട്ടീസും നല്‍കാതെയും കേസ് ഏതാണെന്ന് അറിയിക്കാതെയുമാണ് പൊലീസ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളത്തിലില്ലാത്ത സമയത്താണ് റെയ്‌ഡെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയു. പരിശോധന ഡി.ജി.പി അറിയാതെയാണെന്നും ചാനല്‍ പറയുന്നു. ഡി.ജി.പി തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ക്ക് ആര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടറിലെ ചാനല്‍ അവതാരകര്‍ പറഞ്ഞു. ചെറിയ കുട്ടികളുള്ള അമ്മമാര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. അവര്‍ക്കാര്‍ക്കും ഫോണില്‍ പോലും വിളിക്കാന്‍ കഴിയുന്നില്ല. ഇവിടെ ഒരുകൂട്ടം ജേര്‍ണലിസ്റ്റുകള്‍ മാത്രമാണ് ഉള്ളത് ഈ ന്യൂസ് ഡെസ്‌കില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.

ന്യൂസ് ബ്യൂറോകളെ പോലും ബന്ധപ്പെടാന്‍ പറ്റുന്നില്ല. വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാന്‍ പറ്റുന്നില്ല. ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ കേസില്‍ പെട്ടവരോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തവരോ പോലുമല്ല. രാവിലെ ഡ്യൂട്ടിക്ക് വന്നവരാണ്. അവരോടാണ് ഈ രീതിയില്‍ പെരുമാറുന്നതെന്നും അവതാരകര്‍ പറഞ്ഞു.

തങ്ങള്‍ ഇന്ന് പുറത്തുവിടാനുള്ള വാര്‍ത്തകള്‍ തടസ്സപ്പെടുത്തുന്ന തരത്തിലാണ് പൊലീസ് നടപടിയെന്നും ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ചാനലിന്റെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചിരിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ആണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിലാണ് പരിശോധന നടത്തുന്നതെന്നാണ് പൊലീസ് അവകാശപ്പെടുന്നതെന്ന് മറ്റു ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘമാണ് കൊച്ചിയിലും വയനാടുമായി റെയ്ഡ് നടത്തുന്നത്. കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസ് അടക്കം നാലിടത്തും വയനാട്ടില്‍ ഒരിടത്തുമായാണ് പരിശോധന. ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഓഫീസിലും വീട്ടിലും പൊലീസ് സംഘമെത്തിയിരുന്നു.

Content Highlight: Police Raid At Reporter TV News Desk