കൊച്ചി: ഭരണകൂടവും അന്വേഷണ ഏജൻസികളും പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്താനോ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടസപ്പെടുത്താനോ ശ്രമിക്കരുതെന്ന് ഡോ. വി. ശിവദാസൻ എം.പി.

കളമശ്ശേരിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മാധ്യമങ്ങളുടെ ജോലി തടസപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെയും അന്വേഷണ ഏജൻസികളെയും ഉപയോഗപ്പെടുത്തി കേസെടുത്ത് വരുതിയിലാക്കുക എന്നത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു രീതിയാണെന്ന് അദ്ദേഹം വിമർശിച്ചു. ബി.ജെ.പി സർക്കാർ അതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള യാത്രയാണ് നടത്തുന്നത്. റിപ്പോർട്ടർ ചാനലിനോട് മുൻപും പകപോക്കുന്ന സമീപനം ഉണ്ടായി എന്നത് ചാനൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള കാര്യമാണ്. മുൻപ് മീഡിയവണിന്റെ പ്രവർത്തനം നിഷേധിക്കുകയും കൈരളി ചാനലിനോട് വിവേചനപരമായ സമീപനം കാണിക്കുകയും ചെയ്തത് നാം കണ്ടതാണ് അദ്ദേഹം പറഞ്ഞു.

ആശയങ്ങളെ പൊലീസിന്റെ മർദ്ദന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നേരിടേണ്ട ഒന്നല്ല എന്ന ബോധ്യം ഭരണകൂടത്തിനുണ്ടാവണം. വിദ്യാർത്ഥികളെയും യുവജനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും എല്ലാം പൊലീസിനെ ഉപയോഗിച്ച് കീഴടക്കാമെന്ന ബി.ജെ.പിയുടെ അതേ നയമാണ് ഇപ്പോൾ വി.ഡി സതീശൻ സർക്കാരും പിന്തുടരുന്നത്. മാധ്യമങ്ങളെയും ജനങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കുന്ന സമീപനങ്ങളിൽ നിന്ന് അധികാരികൾ പിന്നോട്ട് പോകണമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ ആറുമണിയുടെ തത്സമയ വാർത്താ ബുള്ളറ്റിന് തൊട്ടുമുമ്പ് പൊലീസ് സംഘം ചാനലിന്റെ ന്യൂസ് ഡെസ്കിൽ കടന്നുകയറി മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചതായി ചാനൽ പ്രവർത്തകർ പറഞ്ഞു. അഡ്മിനിസ്ട്രേഷൻ വിഭാഗം താഴെ പ്രവർത്തിക്കുമ്പോൾ ന്യൂസ് ഡെസ്കിൽ കയറി ഇടപെട്ടത് ബ്യൂറോകളുമായുള്ള ആശയവിനിമയത്തെയും പ്രക്ഷേപണത്തെയും ബാധിച്ചുവെന്ന് മാധ്യമപ്രവർത്തകർ വ്യക്തമാക്കി.

അതേസമയം, മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിന്നുള്ള സെർച്ച് വാറണ്ട് പ്രകാരമാണ് എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പരിശോധനയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ് ഫോണുകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടതെന്നും ഡെസ്കിൽ നിന്ന് രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും ആരുടെയും ജോലി തടസപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Content Highlight:Do not try to intimidate and silence the media; do not obstruct independent journalism”: MP V. Sivadasan on police action at Reporter TV.