തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെ ന്യൂസ് ഡെസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും പിണറായി അഭിപ്രായപ്പെട്ടു.
അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡെസ്‌കില്‍ ഒരു സംഘം പൊലീസുകാര്‍ ഇരച്ചുകയറി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ദല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലില്‍ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും റെയ്ഡിനെ അപലപിച്ചിരുന്നു. ‘മാധ്യമസ്ഥാപനത്തിന് നേരെയുള്ള കടന്നു കയറ്റം കേരള ചരിത്രത്തില്‍ അപൂര്‍വമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്താണെന്നുള്ള കാര്യം പോലും അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് നേരെ ഇതുപോലുള്ള ഒരു കടന്നാക്രമം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു സംഭവമാണ്. അതിന്റെ വിശദാംശങ്ങള്‍ എന്താണ് എന്ന് നമുക്ക് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കളമശ്ശേരിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്.
പുലര്‍ച്ച അഞ്ചുമണിക്ക് ആരംഭിച്ച റെയ്ഡില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ച് വാങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് തങ്ങളുടെ ജോലി തടസപ്പെടുന്ന തരത്തിലാണ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
70ഓളം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ചാനലിന്റെ സംപ്രേക്ഷണത്തെയും പൊലീസ് റെയ്ഡ് ബാധിച്ചു.
തങ്ങളുടെ ഓഫീസില്‍ പൊലീസ് നടത്തുന്നത് ഗുണ്ടായിസമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി അഭിപ്രായപ്പെട്ടു. ഒരു നോട്ടീസും നല്‍കാതെയും കേസ് ഏതാണെന്ന് അറിയിക്കാതെയുമാണ് പൊലീസ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളത്തിലില്ലാത്ത സമയത്താണ് റെയ്‌ഡെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങള്‍ക്ക് ആര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടറിലെ ചാനല്‍ അവതാരകര്‍ പറഞ്ഞു. ചെറിയ കുട്ടികളുള്ള അമ്മമാര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. അവര്‍ക്കാര്‍ക്കും ഫോണില്‍ പോലും വിളിക്കാന്‍ കഴിയുന്നില്ല. ഇവിടെ ഒരുകൂട്ടം ജേര്‍ണലിസ്റ്റുകള്‍ മാത്രമാണ് ഉള്ളത് ഈ ന്യൂസ് ഡെസ്‌കില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.
ന്യൂസ് ബ്യൂറോകളെ പോലും ബന്ധപ്പെടാന്‍ പറ്റുന്നില്ല. വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാന്‍ പറ്റുന്നില്ല. ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ കേസില്‍ പെട്ടവരോ എന്തെങ്കിലും കുറ്റകൃത്യം ചെയ്തവരോ പോലുമല്ല. രാവിലെ ഡ്യൂട്ടിക്ക് വന്നവരാണ്. അവരോടാണ് ഈ രീതിയില്‍ പെരുമാറുന്നതെന്നും അവതാരകര്‍ പറഞ്ഞു.
Content Highlight: Kerala Opposition Leader Pinarayi Vijayan of CPIM on Police Raid At Reporter TV News Desk
