അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റുകള്‍ക്ക് അഫ്ഗാനെ തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

അഭിഷേക് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇഷാന്‍ കിഷന്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അയ്യര്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തിലക് 15 റണ്‍സ് നേടി.

മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ഒരു വമ്പന്‍ നേട്ടമാണ് അയ്യര്‍ സ്വന്തമാക്കിയത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആയിരം റണ്‍സ് നേടുന്ന നാലാമത്തെ താരമായാണ് അയ്യര്‍ റെക്കോഡിട്ടത്.

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 34 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ഡേവിഡ് വാര്‍ണര്‍, വീരേന്ദര്‍ സെവാഗ്, റിഷബ് പന്ത് എന്നിവരാണ് ഇതിന് മുമ്പ് ഈ സ്‌റ്റേഡിയത്തില്‍ ആയിരം റണ്‍സ് നേടിയത്.

ടി-20യില്‍ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്

റിഷബ് പന്ത്-1312

വീരേന്ദര്‍ സെവാഗ്-1199

ഡേവിഡ് വാര്‍ണര്‍-1133

ശ്രേയസ് അയ്യര്‍-1003*

ശിഖര്‍ ധവാന്‍-937

സഞ്ജു സാംസണ്‍-907

ഗൗതം ഗംഭീര്‍-886

ദിനേശ് കാര്‍ത്തിക്-786

വിരാട് കോഹ്‌ലി-739

രോഹിത് ശര്‍മ-867

അതേസമയം മത്സരത്തില്‍ അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.

സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മൂന്നാം ടി20യും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസവിജയം നേടി മടങ്ങാനാവും അഫ്ഗാന്‍ ഇറങ്ങുക.

 

Content Highlight: Indian captain Shreyas create huge record in Delhi Arun Jaitley stadium