അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

അന്താരാഷ്ട്ര ടി-20 തന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ സൂപ്പര്‍ ഫിഫ്റ്റി തൂക്കിയത്. 2024ല്‍ ബംഗ്ലാദേശിനെതിരെ 22 പന്തില്‍ സഞ്ജു തന്റെ വേഗമേറിയ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ താരവും സഞ്ജുവാണ്.

സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇഷാന്‍ കിഷന്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അയ്യര്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തിലക് 15 റണ്‍സ് നേടി.

 

അതേസമയം അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ നേടിയാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.

Content highlight: Sanju Samson Achieve His Fastest T20i Fifty Against Afghanistan