ഇന്ത്യയുടെ അവിസ്മരണമായ വേള്‍ഡ് കപ്പ് വിജയത്തില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ സ്ഥിരമായി സ്ഥാനം ലഭിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തിന് മുന്നോടിയായാണ് അശ്വിന്‍ ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.

‘നിങ്ങള്‍ ഒരു പക്ഷെ സഞ്ജുവിന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം അയര്‍ലാന്‍ഡിലെ ബുദ്ധിമുട്ടുണ്ടാക്കിയ പിച്ചിലും, ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിലും പരാജയപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ എങ്ങനെയായിരിക്കും ചിന്തിക്കുക?

സഞ്ജു സാംസണ്‍

സഞ്ജു നന്നായി കളിക്കുമ്പോള്‍, ‘അന്ന് തന്നെ ഞാന്‍ പറഞ്ഞതല്ലേ’ എന്ന ഭാവത്തിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. എന്നാല്‍ പരാജയപ്പെടുമ്പോള്‍, ‘അവന്‍ ഒരിക്കലും നന്നായി കളിക്കാറില്ല, സ്ഥിരതയില്ല’ എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തിനുമേല്‍ സമ്മര്‍ദം ചെലുത്തും.

ആളുകളുടെ വിമര്‍ശനം സഞ്ജു പരാജയപ്പെട്ടതിനെക്കുറിച്ചാണോ, അതോ സഞ്ജു കളിക്കുന്നതിനാല്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ചാണോ എന്നതുപോലും വ്യക്തമല്ല. സഞ്ജു സാംസണിന്റെ സ്ഥാനത്തായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും തോന്നുക എന്ന് ചിന്തിച്ചുനോക്കൂ.’ അശ്വിന്‍ പറഞ്ഞു.

കൂടാതെ 2014 മുതല്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള സഞ്ജുവിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ മൂന്ന് ടി-20 മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം, ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കുന്നതിനായി സഞ്ജു സാംസണെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു ടീമില്‍ തിരിച്ചെത്തിയെങ്കിലും, പിന്നീട് നടന്ന സിംബാബ്വേ ടി-20 പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല.

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു വീണ്ടും പ്ലേയിങ് ഇലവനില്‍ ഇടം നേടി. എന്നാല്‍, എട്ട് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി.

ദല്‍ഹി അരുണ്‍ ജെയ്റ്റിലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇനി നടക്കാന്‍പോവുന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരം ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. സഞ്ജു മികച്ചപ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: R. Ashwin Talking About Indian Opener Sanju Samson