മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റീപ്പീറ്റ് വാല്യൂവുള്ള സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ്. ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതി 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിലീപും മംമ്ത മോഹന്‍ദാസുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിലെ പല കോമഡി രംഗങ്ങളും ഇന്നും പ്രേക്ഷകരുടെ ഫേവറിറ്റാണ്. 2009ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി പ്രൊപോസലിനെ ആസ്പദമാക്കിയായിരുന്നു ജീത്തു ജോസഫ് ചിത്രം നിര്‍മിച്ചത്.

സണ്ടക്കാരി. Photo: Screen Grab/ New Music India/ Youtube.com

ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ തമിഴ് റീമേക്ക് പുറത്തിറങ്ങുന്നു എന്ന വാര്‍ത്തയാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. സണ്ടക്കാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറാണ് സിനിമാ പേജുകളിലെല്ലാം നിറയുന്നത്. ദിലീപിനും മംമ്തയ്ക്കും പകരം തമിഴില്‍ പ്രധാനവേഷത്തിലെത്തുന്നത് വിമലും ശ്രേയ ശരണുമാണ്. ആര്‍. മാതേഷാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഒരു മിനിട്ട് അമ്പത്തിനാല് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന സണ്ടക്കാരിയുടെ ട്രെയ്‌ലര്‍, മൈ ബോസിലെ പല രംഗങ്ങളുടെയും കോപ്പിയാണെങ്കിലും ഇവ ഒരുക്കിയിരിക്കുന്നതിലെ ആര്‍ട്ടിഫിഷ്യാലിറ്റിയാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ സെറ്റിങ്ങും അടക്കം പലതും വെച്ചുകെട്ടിയ ഫീലിങ്ങാണ് നല്‍കുന്നതെന്ന് പല മലയാള സിനിമാ പേജുകളും അഭിപ്രായപ്പെടുന്നു. തമിഴിലേക്കെത്തിയപ്പോള്‍ അനാവശ്യ ഗ്ലാമര്‍ രംഗങ്ങള്‍ ചേര്‍ത്തതിനെക്കുറിച്ചും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്.

സോഫ്റ്റ് വെയര്‍ ഗന്ധ. Photo: IMDB

നേരത്തേ കന്നട ഭാഷയിലേക്ക് മൈ ബോസ് റീമേക്ക് ചെയ്തിരുന്നു. സോഫ്റ്റ് വെയര്‍ ഗന്ധ എന്ന പേരില്‍ പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്തത് വെങ്കിടേഷ് ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് ദിലീപ് ചിത്രങ്ങളുടെ കന്നട റീമേക്കില്‍ സ്ഥിരമായി നായകനാകുന്ന ജഗ്ഗേഷ് ആയിരുന്നു. വലിയ ട്രോളുകളായിരുന്നു ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത്. ഇതേ അവസ്ഥയാകുമോ സണ്ടക്കാരിയ്ക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം ഇപ്പോള്‍.

Content Highlight: Trailer Of My Boss movie remake Sandakkari out