അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവര്‍ പൂര്‍ത്തയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയിട്ടുണ്ട്. 17 റണ്‍സുമായി ഇഷാന്‍ കിഷനും ഏഴ് റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു കളം വിട്ടത്. 259.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും മലയാളി താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന നാലാമത്തെ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ രോഹിത് അടക്കം അഞ്ച് താരങ്ങള്‍ക്കൊപ്പമാണ് സഞ്ജു സ്ഥാനം പിടിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരങ്ങള്‍

സൂര്യകുമാര്‍ യാദവ് – 13

അഭിഷേക് ശര്‍മ്മ – 10

യുവരാജ് സിങ് – 5

സഞ്ജു സാംസണ്‍ – 4*

രോഹിത് ശര്‍മ – 4

കെ.എല്‍. രാഹുല്‍ – 4

ഇഷാന്‍ കിഷന്‍ – 4

ഹാര്‍ദിക് പാണ്ഡ്യ – 4

തിലക് വര്‍മ – 4

യശസ്വി ജെയ്‌സ്വാള്‍ – 3

സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്.

മത്സരത്തില്‍ അഫ്ഗാന്‍ സൂപ്പര്‍ താരം ഗുല്‍ബാദിന്‍ നായിബിന്റെ ക്യാച് നേടിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഗുല്‍ബാദിന്‍ ഉയര്‍ത്തിയടിച്ച പന്ത് സാഹസികമായാണ് സഞ്ജു കൈപ്പിടിയിലാക്കിയത്.

സൂപ്പര്‍ ക്യാച്ചിന് പിന്നാലെ ഒരു മിന്നും നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 50 പുറത്താക്കല്‍ നേടാനാണ് സഞ്ജുവിന് സാധിച്ചത്.

അതേസമയം അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ നേടിയാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Sanju samson In Great Record In T-20 For India In International T-20