ഗിരീഷ് എ.ഡിയുടെ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് വിനീത് വിശ്വം. അങ്കമാലി ഡയറീസിലെ മുഴുനീള വേഷം ചെയ്തുകൊണ്ട് കടന്നുവന്ന വിനീത് സൂപ്പര്‍ ശരണ്യ, ഐ ആം കാതലന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്ലഹേം കുടുംബ യൂണിറ്റിലും വിനീത് ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജോയലിന്റെ ഷോര്‍ട്ട് ഫിലിമിലെ നായകനായ നന്ദന്‍ വെങ്കിടങ്ങായിട്ടാണ് വിനീത് വേഷമിട്ടത്. ബെത്ലഹേം കുടുംബ യൂണിറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഷോര്‍ട്ട് ഫിലിമിലും വിനീത് കൈയടി നേടിയിരുന്നു.
ബെത്‌ലഹേമിനുള്ള പ്രൊമോഷന്റെ ഭാഗമായി ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഷോര്‍ട്ട് ഫിലിം ഒരു കോടിയിലധികം പേരാണ് കണ്ടിരിക്കുന്നത്. സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയം എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിമിലെ പല ഡയലോഗുകളും സിനിമാ പേജുകളില്‍ വൈറലായിരുന്നു.

Photo: X.com
ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ എന്ന കഥാപാത്രം വാഷിങ് മെഷീന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു വിനീതിന്റെ കഥാപാത്രത്തെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിച്ചത്. ചിത്രം വലിയ വിജയമായി മാറിയതിന് പിന്നാലെ എല്ലാവരും തനിക്ക് വാഷിങ് മെഷീന്‍ കിട്ടിയോ എന്നാണ് ചോദിക്കുന്നതെന്ന് സംഗീത് പറയുന്നു. തന്റെ കരിയറില്‍ വഴിത്തിരിവായ സൂപ്പര്‍ ശരണ്യയിലെ അരുണ്‍ സാര്‍ എന്ന കഥാപാത്രത്തെ കുറിച്ചും വിനീത് സംസാരിച്ചു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘അരുണ്‍ സാര്‍ എന്ന കഥാപാത്രം എന്റെ കരിയറില്‍ ഒരു ബ്രേക്ക് തന്ന കഥാപാത്രമായിരുന്നു. അങ്കമാലി ഡയറീസിന് ശേഷം ആള്‍ക്കാരെല്ലാം എന്നെ ശ്രദ്ധിക്കുമെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് മനസിലാവാന്‍ ബുദ്ധിമുട്ടായിരുന്നു. അരുണ്‍ സാറാണ്, സൂപ്പര്‍ ശരണ്യയിലെ മാഷാണ് എന്നെല്ലാം പറയുന്നത് നമ്മുടെ ഐഡന്റിറ്റിയായി മാറുകയായിരുന്നു. അതിന് ശേഷം ഞാന്‍ കുറേ പടങ്ങള്‍ ചെയ്‌തെങ്കിലും ഇപ്പോള്‍ ആള്‍ക്കാര്‍ അതെല്ലാം മാറ്റി നന്ദന്‍ ജീ എന്ന് വിളിക്കുന്നുണ്ട്.

Photo: Bhavana Studios/ Youtube.com
അല്ലെങ്കില്‍ എന്റെ ഒരു ഫോട്ടോ ഇട്ടാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍ ഏത് മസ്‌കാരയാണ് യൂസ് ചെയ്യുന്നത്, സാറിന്റെ പെണ്ണ് കേസ് എന്തായി എന്നെല്ലാം ആയിരുന്നു. സ്ഥിരമായിട്ടുള്ള കമന്റുകള്‍ കേട്ട് കേട്ട് ഞാന്‍ മടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ അത് മാറി വാഷിങ് മെഷീന്‍ കിട്ടിയോ എന്നായിട്ടുണ്ട്,’ വിനീത് പറഞ്ഞു.
Content Highlight: Actor Vineeth Vishwam talks about his role in Bethlehem Kudumba unit and Super Sharanya
