അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ അഫ്ഗാന്‍ സൂപ്പര്‍ താരം ഗുല്‍ബാദിന്‍ നായിബിന്റെ ക്യാച് നേടിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഗുല്‍ബാദിന്‍ ഉയര്‍ത്തിയടിച്ച പന്ത് സാഹസികമായാണ് സഞ്ജു കൈപ്പിടിയിലാക്കിയത്.

സൂപ്പര്‍ ക്യാച്ചിന് പിന്നാലെ ഒരു മിന്നും നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 50 പുറത്താക്കല്‍ നേടാനാണ് സഞ്ജുവിന് സാധിച്ചത്.

അതേസമയം അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ നേടിയാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് ഓവര്‍ പൂര്‍ത്തയായപ്പോള്‍ 82 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജു സാംസണ്‍ 19 പന്തില്‍ 47 റണ്‍സും അഭിഷേക് ശര്‍മ 17 പന്തില്‍ 33 റണ്‍സും നേടി ക്രീസിലുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), സിദിഖുള്ള അടല്‍, ഗുല്‍ബാദിന്‍ നായിബ്, ദാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി.

Content Highlight: Sanju Samson Complete 50 Dismissal In T20i For India As Wicket Keeper