സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സാധാരണയായി കേട്ടുവരുന്ന വാക്കാണ് ഇന്‍ഡസ്ട്രി ഹിറ്റ്. ഒരു നിര്‍ദിഷ്ട സിനിമാ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണ് സാധാരണയായി ഇന്‍ഡസ്ട്രി ഹിറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കാറുള്ളത്. പുതിയ ചിത്രങ്ങള്‍, മുമ്പിറങ്ങിയ ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടുന്ന മുറയ്ക്ക് ഈ സ്ഥാനം കൈമാറി പോരുന്നതാണ് പതിവ് രീതി. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരുപാട് കാലം ഈ നേട്ടത്തില്‍ തുടരാന്‍ സാധിക്കാറില്ല.
2000 ത്തിന് ശേഷം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്ന പതിനൊന്നാമത്തെ ചിത്രമായിരിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെല്ലാം സൂപ്പര്‍ താരങ്ങളുടെ മാസ് മസാല ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിന് ഉടമയായപ്പോള്‍ മലയാളത്തില്‍ ഒരു സാധാരണ റോം-കോം ചിത്രമായ ബെത്‌ലഹേമാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
കേരള ബോക്സ് ഓഫീസില്‍ നിന്നും 138 കോടിയിലധികം നേടിയാണ് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്. വാഴ 2 നേടിയ 125 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ബെത്ലഹേമിന്റെ നേട്ടം. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ആഗോള കളക്ഷന്‍ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ബെത്ലഹേം കഴിഞ്ഞ ദിവസം മാറിയിരുന്നു.
ഇതോടെ രണ്ടായിരത്തിന് ശേഷം ഇതാദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ മൂന്നിലില്ലാതെ പുറന്തള്ളപ്പെടുന്നത് എന്ന പ്രത്യേകതയും കൈവന്നിരിക്കുകയാണ്. മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്റെ അവസാന വാക്കായ താരത്തിന്റെ യാതൊരു സാന്നിധ്യവുമില്ലാത്ത മൂന്ന് ചിത്രങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തെക്കാള്‍, മികച്ച സിനിമയ്ക്കാണ് മലയാളി പ്രേക്ഷകര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുകയാണ്.

Photo: X.com
മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള വാഴ 2വിലെ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് പുതുമുഖങ്ങളായ ഹാഷിറും ടീമുമാണെന്നതും മൂന്നാം സ്ഥാനത്തുള്ളത് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണെന്നതും മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ മാറ്റ് കൂട്ടുന്നു.
Content Highlight: Malayalam Films gets great collection without superstars or mass masala
