സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടി ഇതിഹാസ താരം ലയണല്‍ മെസി. ബൊളീവിയ, ബുര്‍ക്കിന ഫാസോ, ബെനിന്‍ റിപ്പബ്ലിക് എന്നീ ടീമുകള്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിലാണ് മെസി ഇടം നേടിയത്.

അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മെസിക്ക് വിടവാങ്ങല്‍ മത്സരം നല്‍കാനാണ് മെസിയെ ലയണല്‍ സ്‌കലോണി വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിന്‍ ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.

ഈ മത്സരത്തിന് മുന്നോടിയായി ബൊളീവിയ, ബുര്‍ക്കിന ഫാസോ എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരത്തില്‍ മെസി കളത്തിലിറങ്ങുമോയെന്നും കണ്ടുതന്നെ അറിയണം.

മെസിക്ക് വേണ്ടി രാജ്യത്തെ എല്ലാ ഒഫീഷ്യല്‍ മത്സരങ്ങളിലും ആദ്യ പകുതിയില്‍ പത്താം മിനിറ്റില്‍ കളി നിര്‍ത്തിവെക്കുകയൂം ഒരു മിനിട്ട് ആദരം നല്‍കണമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ നിര്‍ദേശ പ്രകാരം അര്‍ജന്റൈന്‍ ക്ലബ്ബുകള്‍ മെസിക്ക് ആദരം നല്‍കുകയും ചെയ്തിരുന്നു.

കോപ്പ അര്‍ജന്റീനയില്‍ ബൊക്ക ജൂനിയേര്‍സ്‌വെലസ് സാര്‍സ്ഫീല്‍ഡും തമ്മിലുള്ള മത്സരം പത്താം മിനിട്ടില്‍ നിര്‍ത്തിവെക്കുകയും താരങ്ങളും പരിശീലകരും ഗാലറിയിലെ ആരാധകരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിക്ക് ആദരം നല്‍കിയിരുന്നത്.

2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ലയണൽ മെസി. Photo: Sudanalytics/x.com

അര്‍ജന്റൈന്‍ ഫുട്‌ബോളിന് ഐതിഹാസിക സംഭാവനകള്‍ നല്‍കിയ താരമാണ് മെസി. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്‌പെയ്‌നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

 

Content Highlight: Lionel Messi will play a farewell match for Argentina