തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്‌കില്‍ കടന്നുകയറി പൊലീസ് നടത്തിയ തേര്‍വാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്താ മുറിയിലെ പൊലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്നും വാര്‍ത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാന്‍ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികള്‍ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

ന്യൂസ് ഡസ്‌കില്‍ ഒരു സംഘം പൊലീസുകാര്‍ ഇരച്ചുകയറി മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും മണിക്കൂറുകറോളം ഒരു വാര്‍ത്താ ചാനല്‍ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സാഹചര്യത്തിലും നടക്കാന്‍ പാടില്ലാത്തതാണും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ അതിക്രമത്തിനെതിരെ അതിശക്തമായ പൊതുവികാരം ഉയരേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

ന്യൂസ് ക്ലിക്ക് ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലില്‍ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നും മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അതി ശക്തമായി അപലപിക്കുന്നുവെന്നും പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജന വിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണി നിരക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ന്യൂസ് ഡെസ്‌കില്‍ തൃക്കാക്കര പൊലീസ് റെയ്ഡ് നടത്തിയത്. തങ്ങളുടെ ജോലി തടസപ്പെടുത്തുന്ന രീതിയിലാണ് പൊലീസ് ഇടപെട്ടതെന്ന് റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Content Highlight: KUWJ condemns the police raid at Reporter TV news desk.