മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തതിൽ ആദ്യ പൊലീസ് വേഷം ചെയ്യാൻ ഒരുങ്ങുകയാണ് മാത്യു.

യുവ സംവിധായകനായ സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെയാണ് തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നത്. സിനിമയിൽ ശ്രീനാഥ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മാത്യു തോമസ് എത്തുന്നത്. കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ മാത്യുവിനെയാണ് മനസിൽ കണ്ടതെന്നും, എന്നാൽ പൊലീസ് വേഷം ചെയ്യുന്നതിൽ താരത്തിന് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെന്നും സംവിധായകൻ ഷഹദ് നിലമ്പൂർ പറയുന്നു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. Screen Grab/ Youtube

‘മാത്യുവിനെ ഞാൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ കാണാൻ തുടങ്ങിയതാണ്. കാരണം അവൻ എന്റെ ‘പ്രകാശം പരക്കട്ടെ’ എന്ന സിനിമ ചെയ്തിട്ടുണ്ട്. മാത്യു നമുക്ക് വേണ്ടപ്പെട്ട ഒരാളും നല്ലൊരു മികച്ച നടനുമാണ്. തേച്ച് മിനുക്കിയെടുക്കാൻ പറ്റിയ നല്ലൊരു നടനാണ് മാത്യു,’ ഷഹദ് പറഞ്ഞു.

ചിത്രത്തിലെ നാല് പൊലീസ് കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ സ്വഭാവവും പ്രായവും നൽകിയാണ് കഥ ഒരുക്കിയതെന്നും ഷഹദ് പറയുന്നു. ശ്രീനാഥ് ചെറുപ്പക്കാരനായിരിക്കണമെന്നും ദാസൻ കുറച്ചുകൂടി സീനിയറായിരിക്കണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ശ്രീനാഥിന്റെ കഥാപാത്രത്തിലേക്ക് മാത്യുവിനെ ഉറപ്പിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി.

‘മാത്യുവിന്റെ പൊലീസ് വേഷത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ശ്രീനാഥ് എന്ന കഥാപാത്രമായി മാത്യുവാണ് മനസിലേക്ക് വന്നത്. പല ആളുകൾക്കും പല സ്വഭാവം ഉണ്ടെങ്കിലേ കഥയ്ക്ക് ഒരു ചടുലത കിട്ടുകയുള്ളൂ. ശ്രീനാഥ് അയ്യപ്പൻ ഒരു ചെറുപ്പക്കാരനായിരിക്കണം എന്നുണ്ടായിരുന്നു. ദാസൻ കുറച്ചുകൂടെ സീനിയറായിരിക്കണം. അങ്ങനെ ഓരോരുത്തർക്കും ഓരോ സ്വഭാവം വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ശ്രീനാഥിന്റെ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ നമ്മൾ മാത്യുവിനെ ഉറപ്പിച്ചിരുന്നു,’സംവിധായകൻ പറഞ്ഞു.

എന്നാൽ പൊലീസ് വേഷം ചെയ്യുന്നതിൽ മാത്യുവിന് ആദ്യം ചെറിയ പേടിയുണ്ടായിരുന്നു. നിലവിൽ സർവീസിലുള്ള, പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ചെറുപ്പക്കാരായ പൊലീസുകാരുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്താണ് ആ ആശങ്ക മാറ്റിയതെന്നും ഷഹദ് പറയുന്നു.

‘മാത്യുവിന് ഇത് ചെയ്യാൻ പേടിയുണ്ടായിരുന്നു. എന്റെ അനിയന്റെ സുഹൃത്ത് ഒരു പോലീസുകാരനുണ്ട്. അയാൾ ട്രെയിനിങ് കഴിഞ്ഞ് കയറിയ ആളാണ്. അങ്ങനെയുള്ള കുറച്ച് പോലീസുകാരുടെ ഫോട്ടോസ് ഒക്കെ വാങ്ങിയിട്ട് ഞാൻ മാത്യുവിനെ കാണിച്ചു. ഇങ്ങനത്തെ പോലീസുകാരും ഉണ്ട്, പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു,’ഷഹദ് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തിച്ചും അവരുടെ ശരീരഭാഷയും ഇരിപ്പും നടത്തവുമൊക്കെ അടുത്തുനിന്ന് മനസിലാക്കാൻ അവസരം നൽകിയെന്നും സംവിധായകൻ പറഞ്ഞു. കഥാപാത്രത്തിന് ആവശ്യമായ മാറ്റങ്ങൾക്കായി മാത്യുവും തയ്യാറെടുത്തിരുന്നു.

‘അങ്ങനത്തെ പോലീസുകാരെ കാണിച്ചുകൊടുക്കാനായി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇരിപ്പും നടത്തവുമൊക്കെ നന്നാക്കാൻ വേണ്ടി അവൻ ബോഡി നന്നാക്കാൻ ഒക്കെ തുടങ്ങിയിരുന്നു,’ ഷഹദ് പറഞ്ഞു.

മാത്യുവിനും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും ഷഹദ് പറയുന്നു. സാധാരണയായി നടന്റെ അടുത്തേക്ക് കൂടുതലായി എത്തുന്നത് കുട്ടികളുടെ കഥകളോ പ്രണയകഥകളോ ആണെങ്കിലും, അതിനപ്പുറം വ്യത്യസ്ത കഥാപാത്രങ്ങളെ കൃത്യമായി അഡാപ്റ്റ് ചെയ്യാനുള്ള കഴിവ് മാത്യുവിനുണ്ടെന്നും സംവിധായകൻ പറഞ്ഞു.

‘നല്ല കഥാപാത്രങ്ങളെ കൊതിയോടുകൂടി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനാണ് മാത്യു. അവന്റെ അടുത്തേക്ക് എത്തുന്നത് പലപ്പോഴും കുഞ്ഞുങ്ങളുടെ കഥ അല്ലെങ്കിൽ പ്രണയം അങ്ങനെയുള്ള പരിപാടികൾ മാത്രമാണ് എന്ന് അവൻ എപ്പോഴും പറയാറുണ്ട്. പക്ഷേ അങ്ങനെയല്ല. നല്ല കാലിബറുള്ള നടനാണ് അയാൾ. അത് കൃത്യമായി അഡാപ്റ്റ് ചെയ്യാനുള്ള കപ്പാസിറ്റിയും ഉള്ള നടനാണ്,’ഷഹദ് കൂട്ടിച്ചേർത്തു.

മാത്യു തോമസ്.Photo: Facebook.com

മാത്യുവിനെ ഈ സിനിമയിലേക്ക് കൊണ്ടുവരാൻ ഏറെ സംസാരിച്ച് കൺവിൻസ് ചെയ്യേണ്ടി വന്നെങ്കിലും, ശ്രീനാഥ് എന്ന കഥാപാത്രത്തെ താരം നന്നായി അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ഷഹദ് പറഞ്ഞു.

‘മാത്യുവിനെ കൺവിൻസ് ചെയ്ത് ഈ സിനിമയിലേക്ക് കൊണ്ടുവന്നു. നന്നായി ചെയ്തു എന്ന് പറയുമ്പോൾ ഭയങ്കര സന്തോഷമുണ്ട് ശരിക്കും. മാത്യു എവിടേക്കും പോയിട്ടൊന്നുമില്ല. പക്ഷേ മാത്യുവിന് ഇനി ഭയങ്കര രസമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു നടനായി മാറി. ഞങ്ങൾ പറയാറുണ്ട്, ഒരു യുവാവായി മാറി എന്ന്,’ഷഹദ് വ്യക്തമാക്കി.

Content Highlight: Director Shahad Nilamboor talks about Actor mathew thomas