സോഷ്യൽ മീഡിയ റീൽസുകളിലൂടെ ശ്രദ്ധ നേടിയ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സൽമാൻ കുറ്റിക്കോട് ഇന്ന് കേരളത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. ഭിന്നശേഷികാരനായ സൽമാനെ സോഷ്യൽ മീഡിയയിലേക്കും പൊതുവേദികളിലേക്കും എത്തിച്ചതിന് പിന്നിൽ ഒരു കൂട്ടം സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വലിയ പിന്തുണയുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.9 ലക്ഷത്തിലധികം ഫോളോവേഴ്സാണ് സൽമാനുള്ളത്.
അഞ്ചു വർഷത്തോളം മുമ്പ് സുഹൃത്തുക്കളായ അൻസാബും ഷറഫുവും ചേർന്നാണ് സൽമാനെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്നത്. റീൽസുകളിൽ സൽമാൻ സജീവമായതോടെ വലിയ സ്വീകാര്യത ലഭിച്ചു. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളുടെയും ഫുട്ബോൾ ടർഫുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉദ്ഘാടനങ്ങൾക്ക് സൽമാനെ ക്ഷണിക്കുന്നുണ്ട്. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനിലും സൽമാൻ സജീവമാണ്. സ്വന്തം നാട്ടിൽ നിന്ന് ആരംഭിച്ച ഈ യാത്ര ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളർന്നിട്ടുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
ഫുട്ബോളിനോടുള്ള സൽമാന്റെ താത്പര്യവും അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. ഫുട്ബോൾ ടൂർണമെന്റുകളിലും ഉദ്ഘാടന വേദികളിലും സൽമാനെ കാണുന്നത് ഇപ്പോൾ പതിവാണ്. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിലും അദ്ദേഹത്തിന് വലിയ ആരാധകപിന്തുണയുണ്ട്. ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ ഐ.എം. വിജയനുമായുള്ള സൽമാന്റെ കൂടിക്കാഴ്ചയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഈ യാത്രയിൽ സൽമാനെ ചേർത്തുപിടിച്ച് കൂടെ നിന്നത് നാട്ടിലെ സുഹൃത്തുക്കളാണ്. അവർ സൽമാന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിലും പൊതുപരിപാടികളിലും എപ്പോഴും ഒപ്പമുണ്ട്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പിന്തുണയും സൽമാന്റെ വളർച്ചയ്ക്ക് കരുത്തായിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തപ്പെടാതെ തങ്ങൾക്കിടയിലെ ഒരാളെന്ന നിലയിലാണ് സൽമാനെ ഇവർ ചേർത്തുനിർത്തിയിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയിലും സൽമാൻ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ അനൗൺസ്‌മെന്റ് മുതൽ ചിത്രത്തിലെ സൽമാന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്തിനൊപ്പം സൽമാനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ പാർവതി അഭിനയിക്കുന്ന കഥാപാത്രമായ അലീനയുടെ അനിയനായാണ് സൽമാൻ എത്തുന്നത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. Screen Grab/ Youtube
സോഷ്യൽ മീഡിയയിൽ നിന്ന് ഉദ്ഘാടന വേദികളിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള സൽമാന്റെ യാത്രയ്ക്ക് പിന്നിൽ, അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിന്ന ഒരു കൂട്ടം മനുഷ്യരുടെയും കുറ്റിക്കോട് നാടിന്റെയും പിന്തുണ കൂടിയുണ്ട്. സിനിമാ പ്രൊമോഷന്റെ ഭാഗമായും തിയേറ്റർ വിസിറ്റുകളിലും ഇപ്പോൾ സജീവമായ സൽമാന്റെ വിഡിയോകൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തന്റെ പരിമിതികളെ വെല്ലുവിളിച്ചുകൊണ്ടും അതിനെ പോരാടിക്കൊണ്ടും സൽമാൻ ഇന്നും ഉയരങ്ങൾ എത്തിപിടിക്കുകയാണ്.
Content Highlight: From Reels to the big screen,kuttikode’s own salman is now a star known across kerala
