മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉര്‍വശിയുടേയത്. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉര്‍വശി തന്റെ പതിമൂന്നാം വയസില്‍ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉര്‍വശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു.

ഉര്‍വശി. Photo: X.com
ഉര്‍വശിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുതുമുഖ സംവിധായകനായ സനല്‍ സഫര്‍ സംവിധാനം ചെയ്ത ആശ. ജോജു ജോര്‍ജ്, രമേശ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉര്‍വശി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം സ്വന്തമാക്കുകയും ദിനംപ്രതി ഷോകള്‍ വര്‍ധിപ്പിച്ച് മുന്നേറുകയുമാണ്.
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത് ഹിറ്റടിച്ച പണി എന്ന ചിത്രത്തില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സഫര്‍ സനല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശ. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആശയെന്ന കഥാപാത്രം ചെയ്യാന്‍ തന്റെ മുന്നില്‍ ഉര്‍വശിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍.

ആശ. Photo: District
‘ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറുടെ റോള്‍ ആര് ചെയ്യുമെന്ന് നമ്മള്‍ എല്ലാ രീതിയിലും ചിന്തിച്ചപ്പോള്‍ ഉര്‍വശി ചേച്ചിയല്ലാതെ മറ്റൊരു ഓപ്ഷനില്ലായിരുന്നു. പക്ഷേ ഈ ഒരു കഥാപാത്രം ചെയ്യാന്‍ എക്‌സ്ട്രാ ഓര്‍ഡിനറി ആക്ടര്‍ മാത്രം പോരാ. ഒരു മനുഷ്യനെന്ന നിലയില്‍ കഥാപാത്രത്തെ മനസിലാക്കുന്ന ഈ കോണ്‍സെപ്റ്റില്‍ നിന്ന് കൊണ്ട് ഇംപ്രൊവൈസ് ചെയ്യാന്‍ പറ്റുന്ന ഒരു ഹ്യൂമണ്‍ ബീയിങ് കൂടെ വേണം. ഇതിലെ മൊറാലിറ്റിയും സോഷ്യല്‍ കണ്‍സേണും എല്ലാം മനസിലാക്കുന്ന ഒരു ഇന്‍ഡിവിജ്വല്‍ വേണമായിരുന്നു.
ആ കാര്യം ഉര്‍വശി ചേച്ചി എന്ന വ്യക്തി കൃത്യമായി മനസിലാക്കി. അതുകൊണ്ടാണ് ആ കഥാപാത്രത്തിലേക്ക് ഇത്രയും ഇന്‍വോള്‍വ് ചെയ്യാന്‍ സാധിച്ചത്,’ സഫര്‍ സനല്‍ പറഞ്ഞു.
Content Highlight: Director Safar Sanal talks about Urvashi’s Performance in Aasha movie
