കേരള ബോക്സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്.
നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ അമ്മയായ ബിജി. മഞ്ജുശ്രീ നായര്‍ എന്ന ആര്‍ട്ടിസ്റ്റായിരുന്നു കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മഞ്ജുശ്രീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ചിത്രത്തിലൂടെ താന്‍ സിനിമയിലേക്കെത്തിയതിനെ കുറിച്ച് മഞ്ജു ശ്രീ സംസാരിച്ചത്.
‘ഒന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റാത്ത ഒരു പോക്കാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത്. എന്റെ ജീവിതത്തില്‍ ഞാന്‍ വിചാരിച്ച പലതും നടന്നിട്ടില്ല. അതേസമയം വിചാരിക്കാത്ത പലതും നടന്നിട്ടുമുണ്ട്. സിനിമയിലഭിനയിക്കണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സാഹചര്യം അതിന് അനുകൂലം ആയിരുന്നില്ല. പക്ഷേ സ്‌കൂളിലും കോളേജിലും നാട്ടിലെ റെസിഡന്‍സ് അസോസിയേഷനിലുമെല്ലാം നാടകങ്ങളുടെ ഭാഗമാകാറുണ്ട്. എന്റെ കുട്ടികള്‍ സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുത്ത് ആക്ടീവാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

മഞ്ജുശ്രീ നായര്‍. Photo: The New Indian Express
അതുകൊണ്ട് അവരെയും കൊണ്ട് കോമ്പറ്റീഷനൊക്കെ പോയിരുന്നു. ആ സമയത്താണ് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലേക്ക് ഒരു കുട്ടിയെ വേണമെന്ന് ആരോ പറഞ്ഞത്. എന്റെ ചെറിയ മോള്‍ വീഡിയോ എല്ലാം ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ അവളെ സിനിമയിലഭിനയിക്കാനായി കൊണ്ടുപോയി. ലൊക്കേഷനില്‍ ഒരുപാട് ദിവസമുണ്ടായിരുന്നു. അങ്ങനെ അവിടെ ഇരിക്കുമ്പോഴാണ് എന്നെ കൂടെ അഭിനയിക്കാന്‍ ജിസ് ജോയ് വിളിക്കുന്നത്. അങ്ങനെയാണ് ആദ്യമായി സിനിമയിലേക്ക് ഒരു എന്‍ട്രി ലഭിക്കുന്നത്,’ മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Bethlehem Kudumba unit Fame Manjushree nayar talks about her cinema entry
