ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ത്രീ ലയണ്‍സ് സ്വന്തമാക്കിയത്. ദി ഏജീസ് ബൗളില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ടിനായി സൂപ്പര്‍ താരം ജോസ് ബട്‌ലറും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വമ്പന്‍ സ്‌കോറിലെത്തിയത്. പുറത്താകാതെ 49 പന്തില്‍ നിന്ന് ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 114 റണ്‍സാണ് ബ്രൂക്ക് നേടിയത്. 232.65 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബ്രൂക്കിന് സാധിച്ചിരിക്കുകയാണ്. നേരിട്ട 42ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ അന്താരാഷ്ട്ര ടി-20യില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബ്രൂക്കിന് സാധിച്ചത്.

ഈ നേട്ടത്തില്‍ ലിയാം ലിവിങ്‌സറ്റണൊപ്പമാണ് ബ്രൂക്ക് സ്ഥാനം നേടിയത്. 2021ല്‍ പാകിസ്ഥാനെതിരെ 42 പന്തില്‍ ലിയാം സെഞ്ച്വറി നേടിയിരുന്നു. റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് 2025ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 39 പന്തില്‍ സെഞ്ച്വറിയടിച്ച ഫില്‍ സാള്‍ട്ടാണ്.

അതേസമയം മത്സരത്തില്‍ 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയായിരുന്നു ബട്‌ലര്‍ കളം വിട്ടത്.

മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി 33 റണ്‍സ് നേടിയ ദുനിത് വെല്ലാലഗെ മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം നടത്തിയത്. ത്രീ ലയണ്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സോണി ബേക്കര്‍ തിളങ്ങിയപ്പോള്‍ ലിയാം ഡോസണ്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അതേസമയം ഇരുവരും തമ്മിലുള്ള പരമ്പരയിലെ രണ്ടാം മത്സരം നാളെ (വ്യാഴം) സോഫിയ ഗാര്‍ഡന്‍സില്‍ നടക്കും.

Content Highlight: Harry Brook In Great Record Achievement For England In T-20 History