അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ രണ്ടാം ടി20യിൽ ഏഴ് വിക്കറ്റുകൾക്ക് അഫ്ഗാനെ തകർത്താണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും പരമ്പര വിജയം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പർതാരം സഞ്ജു സാംസണാണ്. 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്.

ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഒരു പുതിയ മൈൽസ്റ്റോണും സഞ്ജു സ്വന്തമാക്കി. ഇന്റർനാഷണൽ ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കിയാണ് സഞ്ജു തിളങ്ങിയത്.

ടി-20യിൽ 69 മത്സരങ്ങളിൽ നിന്നും 1499 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളുമാണ് മലയാളി താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തിൽ ഇന്ത്യക്കായി 510 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളുമാണ് സഞ്ജു വൈറ്റ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. രണ്ട് ഫോർമാറ്റുകളിലുമായി ഇതുവരെ 2009 റൺസാണ് സഞ്ജു നേടിയത്.

അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമെ അഭിഷേക് ശർമ 19 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 39 റൺസ് നേടിയാണ് മടങ്ങിയത്. ഇഷാൻ കിഷൻ 23 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 38 റൺസും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ അയ്യർ 11 റൺസിന് പുറത്തായപ്പോൾ തിലക് 15 റൺസ് നേടി.

അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോർ ഉൾപ്പെടെ 33 പന്തിൽ 37 റൺസാണ് താരം നേടിയത്.

അവസാന ഘട്ടത്തിൽ അഫ്ഗാനിസ്ഥാന്റെ സ്‌കോർ ഉയർത്തിയത് റാഷിദ് ഖാനാണ്. 16 പന്തിൽ 28 റൺസാണ് താരം നേടിയത്. 15 പന്തിൽ 26 റൺസ് നേടിയ ഡാർവിഷ് റസൂലിയും മികവ് പുലർത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Content Highlight: Sanju Samson create a new milestone in international cricket