ന്യൂദല്‍ഹി: ചില യു.പി.ഐ ഇടപാടുകള്‍ക്കുള്ള സീറോ എം.ഡി.ആര്‍ സംവിധാനം അവസാനിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ യു.എസ് സമ്മര്‍ദത്തിന് വഴങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനവുമായി മത്സരിക്കാന്‍ യു.എസ് കാര്‍ഡ് കമ്പനികളെ സഹായിക്കുകയാണോ ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് 2000 രൂപക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ വിമര്‍ശനം. പരിഷ്‌കരിച്ച ‘മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എം.ഡി.ആര്‍) ചട്ടക്കൂട് പ്രകാരമാണ് ഈ ഫീസ് ഈടാക്കുക.
ഒക്ടോബര്‍ 15 മുതല്‍ പുതിയ ചട്ടക്കൂട് നടപ്പാക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഇത് പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ ഇന്റര്‍ചേഞ്ച് ചാര്‍ജ് ഈടാക്കും. ഈ ഫീസ് വ്യാപാരികളാണ് വഹിക്കേണ്ടതെന്നും ഉപഭോക്താക്കളില്‍ നിന്ന് ഇത് ഈടാക്കില്ലെന്നും എന്‍.സി.പി.ഐ അറിയിച്ചു.
ഡെബിറ്റ് കാര്‍ഡുകളുടെ എം.ഡി.ആര്‍ 0.4 ശതമാനമായതിനാലാണോ ഇപ്പോള്‍ യു.പി.ഐ എം.ഡി.ആര്‍ 0.4 ശതമാനമാക്കിയതെന്നും ജയറാം രമേശ് ചോദിച്ചു. ‘എന്തുകൊണ്ടാണ് യു.പി.ഐ ഇടപാടിന് 0.4 ശതമാനം എം.ഡി.ആര്‍ നിശ്ചയിച്ചിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് എം.ഡി.ആറും 0.4 ശതമാനം ആയതുകൊണ്ടാണോ ഇത്? യു.എസ് കാര്‍ഡ് കമ്പനികള്‍ക്ക് യു.പി.ഐയുമായി മത്സരിക്കാന്‍ അവസരമൊരുക്കാനാണോ ഇങ്ങനെയൊരു നീക്കം?,’ ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യയ്ക്കെതിരെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലുമായി യു.എസ് മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് യു.എസ് കാര്‍ഡ് കമ്പനികളെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയാണെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. എച്ച് വണ്‍ ബി വിസയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചം അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ഇന്ത്യയ്ക്കെതിരെ 100 ശതമാനം തീരുവ (താരിഫ്) ഏര്‍പ്പെടുത്തുന്ന ബില്ലിന്മേല്‍ യു.എസ് ജനപ്രതിനിധി സഭ നാളെ വോട്ടെടുപ്പ് നടത്തും. കടുത്ത വ്യവസ്ഥകളുള്ള ഈ നിയമത്തിന് യു.എസ് സെനറ്റ് ഇതിനകം അംഗീകാരം നല്‍കി കഴിഞ്ഞു.
അതേസമയം, ട്രംപ് ഭരണകൂടം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അവര്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. എച്ച് വണ്‍ ബി വിസയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ. ജോലി നഷ്ടപ്പെട്ടാല്‍ ഇത്തരം വിസയുള്ളവരെ ഉടന്‍ തന്നെ നാടുകടത്താനുള്ള സാധ്യതയുമുണ്ട്. ഐ.ടി മേഖലയിലെ വിദഗ്ധരാണ് ഇത്തരത്തില്‍ വിസയുള്ളവരില്‍ ഭൂരിഭാഗവും.
ഇവിടെ, ‘സീറോ എം.ഡി.ആര്‍’ നയം ഉപേക്ഷിച്ച് യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കണമെന്ന യുഎസിന്റെ ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. യു.പി.ഐ സൗജന്യമായതിനും അതുവഴി വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയെ വിപണിയില്‍ നിന്ന് പുറത്താക്കിയതിനും എതിരെ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു,’ ജയറാം രമേശ് കുറിച്ചു.
‘നോട്ട’ (എന്‍.ഒ.ടി.എ) എന്ന വാക്കിനെ ‘നരേന്ദ്രാസ് ഓണ്‍ഗോയിംഗ് ട്രംപ് അപ്പീസ്‌മെന്റ്’ (നരേന്ദ്രദാസ് തുടര്‍ന്നുവരുന്ന ട്രംപിനെ പ്രീണിപ്പിക്കല്‍) എന്നതതിന്റെ ചുരുക്കപ്പേരായി പറഞ്ഞുകൊണ്ടും മോദിയെ കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.
സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ഇത് യുപിഐയെ ‘സുസ്ഥിരമായ’ ഒന്നാക്കി മാറ്റുമോ? മുഴുവന്‍ യുപിഐ സംവിധാനവും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വാര്‍ഷിക ചെലവ് ഏകദേശം 20,000 കോടി രൂപയാണ്. മോദി സര്‍ക്കാരിന്റെ പൊതുധനകാര്യ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്ന തുകയുടെ 10 ശതമാനത്തില്‍ താഴെ മാത്രമേ ഈ തുക വരുന്നുള്ളൂ.
Content Highlight: Congress raps Modi over UPI move; asks if govt bowed to US whim on zero-MDR policy
