കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ബീഫിന്റെ ലഭ്യത കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് ബീഫ് വിതരണത്തെ ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ കൊല്‍ക്കത്തയിലടക്കം ബീഫ് വില്‍പ്പന നടത്തുന്ന വ്യാപാരികളും ഭക്ഷണശാലകളും പ്രതിസന്ധിയിലായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മെയ് 13ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ പ്രധാന കശാപ്പുശാലകളിലൊന്നായ ടാങ്രയിലെ കശാപ്പുശാല പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.
ഇതോടെ നഗരത്തിലേക്കുള്ള ബീഫ് വിതരണത്തില്‍ ഗണ്യമായ കുറവുണ്ടായി. ലഭ്യത കുറഞ്ഞതോടെ വില ഉയര്‍ന്നതായും വ്യാപാരികള്‍ പറയുന്നു.
ബീഫ് ലഭ്യത കുറഞ്ഞതിന്റെ പ്രതിഫലനം ഭക്ഷണശാലകളിലും പ്രകടമാണ്. ബീഫ് വിഭവങ്ങള്‍ സ്ഥിരമായി വിളമ്പിയിരുന്ന നിരവധി ഹോട്ടലുകളും റെസ്റ്ററന്റുകളും മെനുവില്‍ നിന്ന് ഇവ ഒഴിവാക്കുകയോ മറ്റ് മാംസവിഭവങ്ങള്‍ ഉപയോഗിച്ച് പകരംവെക്കുകയോ ചെയ്യുകയാണ്.
ബീഫ് അധിഷ്ഠിത ഭക്ഷണങ്ങളെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കളെയും ഇത് ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബംഗാളിന്റെ ഭക്ഷണസംസ്‌കാരത്തില്‍ ബീഫിന് പ്രത്യേക സ്ഥാനമുണ്ട്. വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകള്‍ ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനത്ത് ഭക്ഷണത്തിന്റെ ലഭ്യതയിലെ നിയന്ത്രണം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്.
ബീഫ് വ്യാപാരവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന കശാപ്പുകാര്‍, മാംസവ്യാപാരികള്‍, റെസ്റ്ററന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും നിയന്ത്രണങ്ങള്‍ തിരിച്ചടിയായിട്ടുണ്ട്.
വിതരണ ശൃംഖലയില്‍ തടസം നേരിട്ടതോടെ തൊഴിലും വരുമാനവും ബാധിക്കപ്പെടുന്ന സാഹചര്യമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പശുക്കളെയും കന്നുകാലികളെയും സംരക്ഷിക്കണമെന്ന വാദമാണ് നിയന്ത്രണങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.
എന്നാല്‍ ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിലും ചെറുകിട വ്യാപാരികളുടെ ഉപജീവനത്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ബീഫ് ലഭ്യതയിലെ കുറവ് വെറും ഭക്ഷണവിപണിയിലെ മാറ്റമായി മാത്രം കാണാനാകില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
ബീഫ് വിപണിയിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നാല്‍ ബംഗാളിലെ ഭക്ഷണസംസ്‌കാരത്തിലും മാംസവിപണിയിലും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗാളില്‍ ബി.ജെ.പി അധികാരത്തിലേറിയതിന് നാലാം ദിവസമായിരുന്നു കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പശുക്കള്‍, കാളകള്‍, കന്നുകുട്ടികള്‍, എരുമകള്‍ എന്നിവയെ കശാപ്പിന് യോഗ്യമാണെന്ന് പ്രഖ്യപിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.
Content Highlights: Restrictions on beef under BJP rule; dietary habits in Bengal affected.
