കൊച്ചി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും എസ്.ഐ.ആര്‍ എന്നാല്‍ സര്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാം എന്നാണോയെന്നും സിബല്‍ പരിഹസിച്ചു.
കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച ‘ഹോഴ്‌സ്‌ട്രേഡ് ആന്‍ഡ് ഡെമോക്രസി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആര്‍ നടപടിക്കുശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യപ്പെട്ടെന്നും ഈ നടപടിക്രമം തന്നെ സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു.
വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, സൈനികര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി സിബല്‍ പറഞ്ഞു.
തന്റെ സഹോദരിയുടെ പേരും വോട്ടര്‍പട്ടികയില്‍ ഇല്ലാതായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സംശയമുള്ള വോട്ടര്‍’ എന്ന് രേഖപ്പെടുത്തുന്നതിന് വ്യക്തമായ മാനദണ്ഡമില്ലെന്നും അത്തരത്തില്‍ പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് കാരണം വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ആര്‍ നടപടിയെ തുടര്‍ന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ട പലരും വീണ്ടും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാന്‍ പോലും ഭയപ്പെടുകയാണെന്നും സാമൂഹിക അസമത്വം ഇതിന് കാരണമാകുന്നുണ്ടെന്നും സിബല്‍ പറഞ്ഞു.
പ്രത്യേക വിഭാഗങ്ങളിലെ ആളുകളുടെ പേരുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ സുപ്രീം കോടതിയിലെത്തിയിരുന്നങ്കിലും ഈ മെയ് മാസത്തില്‍ സുപ്രീം കോടതി ഈ പ്രക്രിയ ഭരണഘടനാപരമാണെന്ന് വിധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sir, I will do whatever you say”; Kapil Sibal criticizes the Election Commission during the hearing.
