അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി-20 മത്സരത്തില്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി-20 കളിക്കാന്‍ സഞ്ജു എന്താണ് ചെയ്തതെന്ന് കൈഫ് ചോദിച്ചു. ടീമില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍, ഫോമിലേക്ക് തിരിച്ചെത്തുന്നതിനായി താരങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കാറുണ്ടെന്നും എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആദ്യ ടി-20 മത്സരം (അഫ്ഗാനിസ്ഥാനെതിരായ) കളിക്കാന്‍ സഞ്ജു എന്താണ് ചെയ്തത്? ടീമില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍, ഫോമിലേക്ക് തിരിച്ചെത്തുന്നതിനായി താരങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കാറുണ്ട്. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.

വൈഭവ് സിംബാബ്‌വേയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം അഭിഷേക്-വൈഭവ് സൂര്യവംശി കൂട്ടുകെട്ട് എന്തുകൊണ്ട് പരീക്ഷിച്ചില്ല? തങ്ങളുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏതാണെന്ന കാര്യത്തില്‍ അവര്‍ക്ക് ഇപ്പോഴും ഉറപ്പില്ല.

ഇന്ത്യന്‍ ടീം ഇപ്പോഴും ഓപ്പണര്‍മാരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വൈഭവിന് വിഷമം തോന്നിയിട്ടുണ്ടാകണം. ഇത് ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. ഒരു ടീമിനും അത് നല്ലതല്ല,’ മുഹമ്മദ് കൈഫ് ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 256.25 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

മത്സരത്തില്‍ അഭിഷേകിനൊപ്പം ഇഷാന്‍ കിഷനും മിന്നും പ്രകടനമാണ് നടത്തിയത്. 33 പന്തില്‍ 42 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ അഭിഷേകിന് പിന്തുണ നല്‍കിയത്. അഞ്ച് ഫോറും ഒരു സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സഞ്ജു എട്ട് പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പടെ 10 റണ്‍സാണ് നേടിയാണ് പുറത്തായത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ഡാര്‍വിഷ് റസൂലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു സഞ്ജു.

പരമ്പരയിലെ രണ്ടാം ടി-20 സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Mohammed Kaif Criticize Indian Opener Sanju Samson