അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. എന്നാൽ ബാറ്റിങ്ങിൽ സഞ്ജുവിന് കാര്യമായി തിളങ്ങാൻ സാധിച്ചില്ല. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്താവുകയായിരുന്നു. എട്ട് പന്തിൽ പത്ത് റൺസാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. രണ്ട് ഫോറുകൾ ആയിരുന്നു മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ചെറിയ സ്കോറിൽ പുറത്തായെങ്കിലും ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കിയാണ് സഞ്ജു മടങ്ങിയത്. ഇന്റർനാഷണൽ ടി-20യിൽ ഓപ്പണറെന്ന നിലയിൽ ആയിരം റൺസ് പൂർത്തിയാക്കിയാണ് സഞ്ജു പുതിയ മൈൽസ്റ്റോണിലേക്ക് നടന്നുകയറിയത്. മത്സരത്തിൽ ഏഴ് റൺസ് നേടിയപ്പോൾ തന്നെ സഞ്ജുവിനെ തേടി ഈ നേട്ടമെത്തി.

ഇന്ത്യക്ക് വേണ്ടി 67 ടി-20യിൽ കളത്തിലിറങ്ങിയ സഞ്ജു ഓപ്പണറെന്ന നിലയിൽ ഇതുവരെ 1003 റൺസാണ് സ്വന്തമാക്കിയത്. മൂന്ന് വീതം സെഞ്ച്വറികളും അർധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി നേടിയിട്ടുണ്ട്. 1442 റൺസാണ് ഇന്റർനാഷണൽ ടി-20യിലെ സഞ്ജുവിന്റെ സമ്പാദ്യം .

അതേസമയം അഭിഷേക് ശർമയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. അഭിഷേകിനൊപ്പം ഇഷാൻ കിഷനും മിന്നും പ്രകടനമാണ്‌ നടത്തിയത്. പത്ത് ഓവറിൽ സ്‌കോർ 130ലെത്തിച്ച ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തി.

22 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയാണ് അഭിഷേക് ശർമ 11ാം ഓവറിലെ അവസാന പന്തിൽ പുറത്താകും മുമ്പ് 32 പന്തിൽ 82 റൺസാണ് അടിച്ചെടുത്തത്. ഏഴ് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

33 പന്തിൽ 42 റൺസുമായാണ് ഇഷാൻ കിഷൻ അഭിഷേകിന് പിന്തുണ നൽകിയത്. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തേ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരുന്നു. ഏഴ് ഓവറിൽ 43 റൺസ് കൂട്ടിച്ചേർക്കും മുമ്പ് അഞ്ച് മുൻനിര വിക്കറ്റുകൾ അഫ്ഗാനിസ്ഥാന് നഷ്ടപ്പെട്ടിരുന്നു.

വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസിനെ സിൽവർ ഡക്കാക്കി മടക്കി സറ്റാർ പേസർ ജസ്പ്രീത് ബുംറയാണ് വേട്ട തുടങ്ങിയത്. പിന്നാലെ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ (പത്ത് പന്തിൽ 11), സെദ്ദിഖുള്ള അടൽ (13 പന്തിൽ 13), ഗുൽബദീൻ നായിബ് (ആറ് പന്തിൽ രണ്ട്), ഡാർവിഷ് റസൂലി (ആറ് പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്.

എന്നാൽ ആറാം വിക്കറ്റിൽ അഫ്ഗാൻ ലെജൻഡ് മുഹമ്മദ് നബിയെ ഒപ്പം കൂട്ടി അസ്മത്തുള്ള ഒമർസായ് അഫ്ഗാനെ വൻ തകർച്ചയിൽ നിന്നും കരകയറ്റി. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 83 റൺസിന്റെ കൂട്ടുകെട്ടാണ് സന്ദർശകർക്ക് തുണയായത്. നബി 27 പന്തിൽ 33 റൺസ് നേടിയാണ് താരം കളം വിട്ടത്.

നബി പുറത്തായെങ്കിലും ഒമർസായ് ടീമിനെ താങ്ങിനിർത്തി. 44 പന്തിൽ പുറത്താകാതെ 64 റൺസാണ് ഒമർസായ് നേടിയത്. നാല് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആദ്യ മത്സരത്തിലെ വമ്പൻ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. സെപ്റ്റംബർ 15നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദൽഹി തന്നെയാണ് വേദി. ഈ മത്സരം വിജയിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാൻ അഫ്ഗാനും വിജയം അനിവാര്യമാണ്.

 

Content Highlight: Sanju Samson create a new milestone in international T20