അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റുകള്‍ക്ക് അഫ്ഗാനെ തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

ഇപ്പോള്‍ സഞ്ജുവിന്റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്പിന്നിനെതിരെ കളിക്കാനുള്ള സഞ്ജുവിന്റെ കഴിവിനെ കുറിച്ചാണ് കൈഫ് സംസാരിച്ചത്.
സ്ഥിരതയോടെ റണ്‍സ് സ്‌കോര്‍ ചെയ്താല്‍ സഞ്ജുവിനെക്കുറിച്ച് ആരും ചോദ്യം ഉന്നയിക്കില്ലെന്നും കൈഫ് പറഞ്ഞു. സഞ്ജു മികച്ച രീതിയില്‍ കളിക്കുമ്പോള്‍ വൈഭവ് ബെഞ്ചില്‍ തന്നെ തുടരുമെന്നും കൈഫ് വ്യക്തമാക്കി. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘സഞ്ജു സാംസണിന്റെ കഴിവ് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് സ്പിന്നിനെതിരെ അദ്ദേഹം മികച്ച രീതിയിലാണ് കളിക്കുന്നത്. റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും പോലുള്ള മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ സിക്‌സറുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കും. സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരമായി റണ്‍സ് നേടാന്‍ സാധിക്കാത്തതാണ്. സ്ഥിരതയോടെ സ്‌കോര്‍ ചെയ്താല്‍ അദ്ദേഹത്തെക്കുറിച്ച് ആരും ചോദ്യങ്ങള്‍ ഉന്നയിക്കില്ല. വൈഭവ് സൂര്യവംശി മികച്ച പ്രതിഭയാണ്. എന്നാല്‍ സഞ്ജു മികച്ചതായി കളിക്കുമ്പോള്‍ വൈഭവിന് ബെഞ്ചില്‍ തുടരേണ്ടി വരും.
സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മൂന്നാം ടി20യും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസവിജയം നേടി മടങ്ങാനാവും അഫ്ഗാന്‍ ഇറങ്ങുക.
Content Highlight: Muhammed Kaif praise Sanju Samson
