2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ മമിത ബൈജുവും ഒപ്പം നിവിന്‍ പോളിയും ഒന്നിച്ചപ്പോള്‍ മലയാള സിനിമയക്ക് മറ്റൊരു വലിയ വിജയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിയും പിന്നിട്ട് വമ്പന്‍ മുന്നേറ്റമാണ് കേരള ബോക്സ് ഓഫീസില്‍ നടത്തുന്നത്. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്‌ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

പ്രേമലു. Photo: IMDB
വിജയ്‌ക്കൊപ്പമുള്ള ജന നായകന്‍, സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാമത്തെ ഇരുനൂറ് കോടി ചിത്രവുമായാണ് മമിത ഇപ്പോള്‍ കളം നിറയുന്നത്. ഏതൊരു യുവനടിയും സ്വപ്നം കാണുന്ന വിധത്തിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മമിതയുടെ കുതിപ്പ്.
അന്യഭാഷയില്‍ മമിതയുടെ വളര്‍ച്ച അതിവേഗമാണെന്ന് പറയുകയാണ് മലയാളത്തിലെ യുവനടനും എഡിറ്ററുമായ സംഗീത് പ്രതാപ്. പ്രേമലു എന്ന ചിത്രത്തില്‍ മമിതയ്‌ക്കൊപ്പം ഒന്നിച്ചഭിനയിച്ച സംഗീത്, താരം തമിഴ് ഭാഷ പഠിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ്. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതിന്റെ പ്രതികരണം.
‘എനിക്ക് അന്യഭാഷ ചിത്രങ്ങളില്‍ നിന്നും കോള്‍സ് വരുന്നുണ്ട്. നല്ല ഒരു പ്രൊജക്ട് വന്നിരുന്നു, പക്ഷേ ചെയ്യാന്‍ പറ്റിയില്ല. അതാണ് എനിക്ക് മിസ് ചെയ്തത്. ഏതാണെന്ന് ഞാന്‍ പറയുന്നില്ല. ആ പ്രൊജക്ടിന് വേണ്ടി നമ്മള്‍ മാറ്റിവെക്കേണ്ടി വന്നത് അഞ്ച് മാസമെല്ലാം ആയിരുന്നു. അതേസമയം എനിക്ക് മലയാളത്തില്‍ ഓള്‍റെഡി കമ്മിറ്റ് ചെയ്ത ഒരുപാട് പ്രൊജക്ടുകളുണ്ട്. ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്ത പ്രൊജക്ടുകള്‍ തന്നെ അതിലുണ്ട്. അതെല്ലാം വിട്ട് അങ്ങോട്ടേയ്ക്ക് പോകാന്‍ പറ്റില്ല.

Photo: X.com
മാത്രമല്ല എന്റെ തിങ്കിങ് ലാങ്വേജ് മലയാളമാണ്. എനിക്ക് ഏറ്റവും കംഫര്‍ട്ടബിളായിട്ട് പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതും മലയാളത്തിലാണ്. പൊയ്ക്കഴിഞ്ഞാല്‍ സെറ്റാവുമെന്ന് മമിത എപ്പോഴും പറയാറുണ്ട്. മമിത ഭയങ്കര ഫാസ്റ്റ് ലേണറാണ്. ഡാന്‍സ് തുടങ്ങി ഇങ്ങോട്ടേക്ക് എവിടെയോ ആ ലേണിങ് സ്‌കില്‍ അവളില്‍ കിടക്കുന്നുണ്ട്. നമ്മളൊക്കെ ആണല്ലോ വീട്ടിലൊക്കെ ഇരുന്ന് ഇരുന്ന് കിടന്ന് പോയത്.
സാധാരണ മലയാളത്തില്‍ നിന്നും പോയി ആദ്യമായി അഭിനയിക്കുന്ന എല്ലാവര്‍ക്കും ,മലയാള തമിഴ്’ വരാറുണ്ട്. എന്നാല്‍ അവളുടെ സിനിമയിലെ സംസാരം ഭയങ്കര റിയലായി ഫീല്‍ ചെയ്യും. ഇപ്പോഴത് മലയാളം പറയുന്ന പോലെയാണ് മമിതയ്ക്ക്. തമിഴിലാണോ ചിന്തിക്കുന്നത് എന്ന് വരെ ഞാന്‍ കളിയാക്കി ചോദിക്കാറുണ്ട്,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap talks about Mamith Baiju’s fast learning
