കൊച്ചി : റിപ്പോർട്ടർ ടി.വിയിൽ നടക്കുന്ന പൊലീസ് പരിശോധന പൂർണമായും നിയമപരമാണെന്നും ജി.എസ്.ടി തട്ടിപ്പിലും ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്ഥാപനത്തിൽ ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ കായിക വകുപ്പിൻ്റെ റിപ്പോർട്ട് പരിശോധിച്ചപ്പോൾ ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ക്രമസമാധാന ചുമതലയുള്ള എഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കോടതി വാറന്റോടു കൂടിത്തന്നെയാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏതെങ്കിലും വാർത്ത നൽകിയതിൻ്റെ പേരിലല്ല റിപ്പോർട്ടർ ടി.വിക്കെതിരായ അന്വേഷണമെന്നും ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പ്രതികരിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനം ബാലിശമാണ്. തട്ടിപ്പുകേസുകളിൽ ആരോപണവിധേയരുടെ എല്ലാ പരിസരങ്ങളിലും പരിശോധന നടത്തുന്നതും ഫോണുകൾ പിടിച്ചെടുക്കുന്നതും സാധാരണ നടപടിക്രമം മാത്രമാണ്. കോടതി വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകളോട് സഹകരിക്കേണ്ടത് കുറ്റാരോപിതരുടെ ഉത്തരവാദിത്തമാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഇപ്പോൾ നടക്കുന്നത് തട്ടിപ്പുകേസിലെ അന്വേഷണമാണ്. എക്സാലോജിക് കമ്പനിക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ സി.പി.ഐ.എമ്മിനെതിരായ രാഷ്ട്രീയ വേട്ടയാടലായി മാറ്റാൻ ശ്രമിച്ച അതേ തന്ത്രമാണ് റിപ്പോർട്ടർ ടി.വി സംരക്ഷണ സമിതിക്കാരും പയറ്റുന്നത്. ഇ.ഡിയുടെ വാഹനം ആക്രമിച്ച ക്രിമിനൽ സംഘങ്ങളുടെ ഡിജിറ്റൽ പതിപ്പാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ മാധ്യമസ്വാതന്ത്ര്യ വക്താക്കൾ എന്നും അദ്ദേഹം പരിഹസിച്ചു.
നടക്കുന്ന റെയ്ഡുകൾ സ്വാഭാവിക അന്വേഷണക്രമത്തിന്റെ ഭാഗമായ നടപടിക്രമങ്ങൾ മാത്രമാണെന്ന് മന്ത്രി ഒ.ജെ. ജനീഷും വ്യക്തമാക്കി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഉൾപ്പെടേണ്ട കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ നേരത്തെ തന്നെ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:Raid at Reporter TV Was Lawful; Investigation Into GST Fraud and Irregularities: V.D. Satheesan.
