ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഉർവശിയുടെ അഭിനയത്തിനടക്കം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഉർവശി. Photo. Screen Grab/ Youtube

അഭിനയത്തിൽ സംവിധായകന്റെ നിർദേശങ്ങൾ അതേപടി പിന്തുടരുന്നതിനേക്കാൾ സ്വാഭാവികമായി കഥാപാത്രത്തെ സമീപിക്കാനാണ് തനിക്ക് എളുപ്പമെന്ന് നടി ഉർവശി. കൃത്യമായ നിർദേശങ്ങൾ ലഭിക്കുമ്പോഴുണ്ടാകുന്ന തന്റെ കൺഫ്യൂഷനെക്കുറിച്ചും സെറ്റിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു നടി.

‘ഏതെങ്കിലും ഡയറക്ടർ സെറ്റിൽ എന്നോട് കൃത്യമായിട്ട് അവിടെ പോയി നിൽക്കൂ എന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ പോയിനിന്നേക്കാം. എന്റെ മുഖത്ത് ഷാഡോ വരാതെ നിൽക്കാനൊക്കെ ഞാൻ എക്സ്പീരിയൻസ് കൊണ്ട് ഞാൻ പഠിച്ചു.

പക്ഷെ കൃത്യമായിട്ട് മൂന്ന് പല്ല് കാണിച്ച് ചിരിക്കൂ എന്നൊക്കെ പറഞ്ഞാൽ ഞാൻ പെടും. അതുപോലെ നന്നായി പെർഫോം ചെയ്യൂ എന്നൊക്കെ പറഞ്ഞാലും, അയ്യോ അത് എങ്ങനെയാണ് പെർഫോം ചെയ്യുക എന്നൊക്കെ എനിക്ക് കൺഫ്യൂഷൻ ആവും. പിന്നെ നാടകീയതയൊന്നും എനിക്ക് പറ്റില്ല,’ നടി പറഞ്ഞു.

യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്ന വ്യക്തികളെ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച അനുഭവവും ഉർവശി പങ്കുവെച്ചു.

‘ഞാൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങളായിട്ടും അഭിനയിച്ചിട്ടുണ്ട്. ലാൽ സലാം, 1921 ഒക്കെ അങ്ങനെ ചെയ്തതാണ്. ലാൽ സലാം സിനിമക്ക് വേണ്ടി പട്ടാമ്പിയിൽ ആ അമ്മയെ പോയി ഞാൻ കണ്ടിട്ടുണ്ട്; പക്ഷെ സിനിമയിൽ അവർ മരിച്ചതായിട്ടാണ് കാണിച്ചിട്ടുള്ളത്. ആ അമ്മ കുറേ കാര്യങ്ങൾ പറഞ്ഞുതന്നു, മുണ്ടും ബ്ലൗസുമൊക്കെയാണ് വേഷം.

ഉർവശി. Photo. Screen Grab/ Youtube

ആ അമ്മയോട് ഞാൻ ‘പ്രണയസീൻ എങ്ങനെയാ അഭിനയിച്ചത്’ എന്ന് ചോദിച്ചപ്പോൾ, പോ കൊച്ചേ, അങ്ങനെയൊന്നുമില്ല, ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആയി എന്ന് അങ്ങ് പറഞ്ഞു, അത്രയേയുള്ളൂ കേട്ടോ എന്നാണ് ആ അമ്മ പറഞ്ഞത്. അതുപോലെ ആ സിനിമയിൽ ഞാനും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്, അതൊക്കെ അങ്ങനെ നടന്നുപോകുന്നു, അത്രയേയുള്ളൂ,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi shares memories from her career