മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ സംഗീത് ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.

സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം. 300 കോടിയും പിന്നിട്ട് വലിയ കുതിപ്പാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നടത്തുന്നത്.

സംഗീത് പ്രതാപ്. Photo: Facebook.com

അടുത്തിടെ യൂട്യൂബ് വ്‌ളോഗറായ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ 2024ല്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രേമലു വലിയ വിജയമായതിന് ശേഷം തനിക്ക് ആക്‌സിഡന്റ് പറ്റിയതോടെ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ വിജയിക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് താരം.

‘എഡിറ്റിങ്ങെല്ലാം മാറ്റിവെച്ച് ഒരു ഗിഫ്റ്റ് പോലെ കിട്ടിയ പ്രേമലുവിലൂടെ ആളുകളുടെ സ്‌നേഹമെല്ലാം ആസ്വദിച്ച് വരുമ്പോഴാണ് അതിന് മുമ്പത്തെ വര്‍ഷം ചെയ്തുവെച്ച വര്‍ക്കിന് അവാര്‍ഡ് കിട്ടുന്നത്. അതിന്റെ പിന്നിലെ കഥ ആര് പറഞ്ഞാലും വിശ്വസിക്കില്ല. അജ്മല്‍ എന്ന് പേരുള്ള വളരെ ക്ലോസായിട്ടുള്ള എന്റെ ഒരു അനിയനുണ്ട്. അവന്‍ ആ അവാര്‍ഡ് കിട്ടുന്നതിന് കുറച്ച് ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു. അന്ന് ഞാന്‍ ആക്‌സിഡന്റ് പറ്റി കിടക്കുകയായിരുന്നു.

പ്രേമലു കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു ഭാഗ്യവും സന്തോഷവും കിട്ടിയതായിരുന്നു. ഇനി എങ്കിലും നമ്മള്‍ പ്ലാന്‍ ചെയ്ത് വൃത്തിയായി ചെയ്യണം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഒരു ആക്‌സിഡന്റ് വന്ന് നമ്മളെ വീട്ടിലിരുത്തുന്നത്. പഴയ സ്ട്രഗിളിന്റെ ഒരു റീസ്റ്റാര്‍ട്ട് ആയിരുന്നു അത്. ആ സമയത്തായിരുന്നു അവന്‍ വിളിച്ച് മോട്ടിവേറ്റ് ചെയ്തത്. എനിക്ക് ഈ ഹാര്‍ഡ് വര്‍ക്ക് ചെയ്തവന് റിസള്‍ട്ട് കിട്ടുമെന്ന് പറയുന്നതിനോട് വിശ്വാസമില്ലെന്നും ഇത് വേറെ എന്തോ പരിപാടിയിലാണ് ഈ വേള്‍ഡ് റണ്‍ ചെയ്യുന്നത് എന്നും ഞാന്‍ അവനോട് പറഞ്ഞു. ഇനി ഒരിക്കലും ഹാര്‍ഡ് വര്‍ക്ക് ചെയ്യണമെന്ന ഉപദേശം തരില്ലെന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നു.

Photo: The Hindu

പിറ്റേ ദിവസം ആണ് എനിക്ക് ലിറ്റില്‍ മിസ് റാവുത്തറിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നത്. ഞാന്‍ വൈഫിന്റെ കൂടെ അവിടെ ഇരുന്ന് ലുഡോ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവന്‍ വിളിച്ച് ഒരു തെറി വിളിച്ചിട്ട് അവന്‍ തന്നെയാണ് ഈ വാര്‍ത്ത പറയുന്നത്,’ സംഗീത് പറയുന്നു.

Content Highlight: Sangeeth Prathap talks about a particular period in his life