പതിയെ എങ്കിലും ആരോഗ്യകരമായ രീതിയില്‍ വളര്‍ന്നുവരുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. കണ്ടുമടുത്ത മാസ് മസാല ആക്ഷന്‍ ചിത്രങ്ങളുമായി ഇപ്പോഴും തുടരുന്ന ഹിന്ദി, തെലുങ്ക്, തമിഴ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ സാമൂഹിക പ്രാധാന്യമുള്ള ചിത്രവുമായാണ് മോളിവുഡ് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കുന്നതെങ്കിലും ലോകോത്തര നിലവാരമുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്നതിലും മലയാള സിനിമ മുന്‍പന്തിയിലാണ്. നിരൂപകപ്രശംസ നേടിയ ഒട്ടനവധി ചിത്രങ്ങളാണ് മലയാളത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയത്. ഇതിന് പുറമെ വലിയ വിജയം നേടിയ ചിത്രങ്ങളും മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വര്‍ഷമായി ഇതിനോടകം തന്നെ മാറിയിരിക്കുകയാണ് 2026. ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ആട് 3 നൂറ് കോടി ക്ലബ്ബിലെത്തുകയും പിന്നാലെ പുറത്തിറങ്ങിയ വാഴ 2, മോഹിനിയാട്ടം, അതിരടി, ദൃശ്യം 3, ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ആയിരം കോടിയ്ക്ക് മുകളിലാണ് മലയാള സിനിമയില്‍ നടന്ന ബിസിനസ്. കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷന്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുകയും ചെയ്തതോടെ വലിയ ആവേശത്തിലായിരുന്നു സിനിമാ ലോകം.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

 

ഓഗസ്റ്റ് 21ന് റിലീസായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും 140 കോടിയോളമാണ് ഇതിനോടകം സ്വന്തമാക്കിയിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും മാത്രമായി നൂറ് കോടിയെന്ന നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമായി ബെത്‌ലഹേമും നാലാമത്തെ സംവിധായകനായി ഗിരീഷ് എ.ഡിയും മാറിയിരിക്കുകയാണ്.

നേരത്തെ മൂന്ന് സംവിധായകര്‍ മാത്രമാണ് ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ളത്. ആദ്യമായി കേരള ബോക്‌സ് ഓഫീസില്‍ നിന്നും നൂറുകോടിയെന്ന നേട്ടം സ്വന്തമാക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും കേരള ബോക്‌സ് ഓഫീസില്‍ നിന്നും 118 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 235 കോടിയുമായിരുന്നു നേടിയത്.

വാഴ 2. Photo: IMDB

പിന്നാലെയെത്തിയ ലോകഃയായിരുന്നു ഈ ലിസ്റ്റിലെ അടുത്ത എന്‍ട്രി. കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്നും 121 കോടിയായിരുന്നു സ്വന്തമാക്കിയത്. ഏവരെയും ഞെട്ടിച്ചത് നവാഗത സംവിധായകനായ സവിന്‍ സാ ആയിരുന്നു. പുതുമുഖങ്ങളെ നായകന്മാരാക്കിയ വാഴ 2വിലൂടെ 129 കോടിയായിരുന്നു സവിന്‍ സ്വന്തമാക്കിയത്.

Content Highlight: Girish AD becoms the 4th director from malayalam to collect 100 crore from kerala Box office