കിലുക്കത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുമ്പിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2022ല്‍ പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ അരുണ്‍ എന്ന കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്ത അഭിനേതാവാണ് ശ്യാം മോഹന്‍. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അടക്കം ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പ്രശംസ അറിയിച്ചിരുന്നു.
ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹരി ചാക്യാരായുള്ള ശ്യാമിന്റെ പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സിനിമാലോകത്ത് കൈയടി വാങ്ങുന്നത്. 300 കോടിയും കടന്ന് തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രം വലിയ വിജയമാണ് ഇതിനോടകം നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്യാമിന്റെ കഥാപാത്രം, പ്രേമലുവിന് ശേഷം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

പ്രേമലു. Photo: IMDB
ബെത്‌ലഹേമില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രവുമായി പ്രശ്‌നമുള്ള ക്യാരക്ടാറാണ് ശ്യാം അവതരിപ്പിച്ചത്. സമാനമായി പ്രേമലുവിലും ഇരുവരും ഇരുപക്ഷത്തായിരുന്നുവെന്നും കാണാം. അടുത്തിടെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംഗീതായിരുന്നു തന്നെ ആദ്യമായി സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്നും എന്നാല്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം തമ്മില്‍ പ്രശ്‌നമുള്ള കഥാപാത്രത്തെയാണ് തങ്ങള്‍ അവതരിപ്പിച്ചതെന്നും പറയുകയാണ് ശ്യാം മോഹന്‍.
‘പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത് സംഗീതാണ്. ആ സിനമയില്‍ അവന്‍ എഡിറ്ററും ക്രിയേറ്റീവ് ഡയറക്ടറുമമെല്ലാം ആയിരുന്നു. അന്ന് തൊട്ടുള്ള ഒരു പരിചയമാണ്. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായിരിക്കും. പ്രേമലുവിലും അതുപോലെ തന്നെ ബ്രോമാന്‍സിലും പ്രശ്‌നമാണ്.
ബ്രോമാന്‍സില്‍ ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബെത്‌ലഹേമിലും അത് തന്നെയാണ്. പക്ഷേ റിയല്‍ ലൈഫില്‍ ഞങ്ങള്‍ തമ്മില്‍ ഭയങ്കര ക്ലോസാണ്. എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം പറയും. അടുത്തിടെ അവന്റെ ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിരുന്നു. അവരുടെ സെറ്റപ്പ് നന്നായിട്ടില്ലായിരുന്നു. കാരണം അവതാരകന്‍ പറഞ്ഞ കാര്യം അവന്‍ പറയുന്ന പോലെ വളച്ചൊടിക്കപ്പെടാം.

Photo: X.com
അവനെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണ്. അവനെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് നമ്മുടെ ആളാണ് എന്നൊരു ഫീലിങ് വന്നിട്ടുണ്ട്. അത് അവന്റെ പെര്‍ഫോമന്‍സ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുത്തതാണ്. ഹൃദയത്തില്‍ മോഹന്‍ലാലിനെ പോലെ ഒരു നടന്റെ കൂടെ നിന്നിട്ട് സ്‌കോര്‍ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള പരിപാടിയല്ല. കഴിഞ്ഞ ഓണം പോലെ തന്നെ ബെത്‌ലഹേമിലൂടെ ഈ ഓണവും അവന്‍ ഗംഭീരമാക്കിയിട്ടുണ്ട്,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan talks about Sangeeth prathap and their Friendship
