പുരുഷ ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡുമായി സിംബാബ്‌വേ മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍. ഹരാരെയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയതോടെയാണ് ഏറ്റവും കൂടുതല്‍ കാലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കളിച്ച താരമെന്ന നേട്ടം 40കാരനായ ടെയ്‌ലര്‍ സ്വന്തമാക്കിയത്.
ഇതോടെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 22 വര്‍ഷവും മൂന്ന് മാസവും നീണ്ട ഏകദിന കരിയറിന്റെ റെക്കോഡാണ് ടെയ്‌ലര്‍ മറികടന്നത്. 2004ല്‍ അരങ്ങേറ്റം കുറിച്ച ടെയ്‌ലറുടെ ഏകദിന കരിയര്‍ ഇപ്പോള്‍ 22 വര്‍ഷവും നാല് മാസവും പിന്നിട്ടു. സച്ചിനെ മറികടന്നെങ്കിലും, ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് (18,426), മത്സരങ്ങള്‍ (463) എന്നീ റെക്കോഡുകള്‍ ഇപ്പോഴും ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേരിലാണ്.
ഏകദിനത്തില്‍ ദൈര്‍ഘ്യമേറിയ കരിയര്‍ സ്വന്തമാക്കിയ താരങ്ങള്‍
ബ്രെന്‍ഡന്‍ ടെയ്‌ലര്‍ – 22 വര്‍ഷം 148 ദിവസം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 22 വര്‍ഷം 91 ദിവസം
സനത് ജയസൂര്യ – 21 വര്‍ഷം 184 ദിവസം
ജാവേദ് മിയാന്‍ദാദ് – 20 വര്‍ഷം 272 ദിവസം
സീന്‍ വില്യംസ് – 20 വര്‍ഷം 187 ദിവസം
ക്രിസ് ഗെയില്‍ – 19 വര്‍ഷം 337 ദിവസം
ഷൊയ്ബ് മാലിക് – 19 വര്‍ഷം 245 ദിവസം
രോഹിത് ശര്‍മ – 19 വര്‍ഷം 26 ദിവസം
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തോടെ സിംബാബ്‌വേക്കായി 208ാം ഏകദിനവും ടെയ്‌ലര്‍ പൂര്‍ത്തിയാക്കി. രാജ്യത്തിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും ടെയ്‌ലറാണ്. 11 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്.
മത്സരത്തില്‍ 13 പന്തില്‍ നാല് റണ്‍സ് നേടി ബ്രെണ്ടന്‍ ടെയ്‌ലര്‍ പുറത്തായിരുന്നു. അതേസമയം സിംബാബ്‌വേക്കെതിരെ ഓസ്‌ട്രേലിയ 59 റണ്‍സിന് വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ 45.1 ഓവറില്‍ 235 റണ്‍സിന് പുറത്താകുകയായിരുന്നു.ന
Content Highlight: Brendon Taylor Surpass Sachin Tendulkar In Great Record Achievement
