ന്യൂദല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളില്‍ അന്വേഷണം നടത്തുന്നതിനായി രൂപീകരിച്ച അഞ്ചംഗ ഉന്നതതല സമിതി പുനസംഘടിപ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

സമിതിക്കെതിരായ ആരോപണങ്ങള്‍ വെറും ഊഹങ്ങളും മുന്‍വിധികളും മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിക്ക് മുന്നിലുള്ള ഏതെങ്കിലും ഒരു കക്ഷിയുടെ പക്ഷം പിടിക്കാനല്ല ഉന്നതാധികാര സമിതിയെ രൂപീകരിച്ചതെന്ന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നീതിയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ടും നിഷ്പക്ഷമായ സമീപനത്തോടെയും കോടതിയെ സഹായിക്കുന്നതിനാണ് ഈ സമിതി രൂപീകരിച്ചതെന്നും ബെഞ്ച് പ്രതികരിച്ചു. ‘സമിതിയുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും, അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുതന്നെ വെറും ഊഹങ്ങളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തില്‍ പുനസംഘടനയ്ക്കായി ആവശ്യം ഉന്നയിക്കുമ്പോള്‍,’ ബെഞ്ച് നിരീക്ഷിച്ചു.

പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം, വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, വനിതാ പ്രതിഷേധക്കാര്‍ക്കെതിരായ പീഡനം തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം തുടരാന്‍ കോടതി ഉന്നതാധികാര സമിതിയോട് നിര്‍ദേശിച്ചു. ഇരുപക്ഷത്തുനിന്നും ഉണ്ടായ അമിതമായ അക്രമങ്ങളെക്കുറിച്ചും ഇത് കാരണമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും അന്വേഷണം തുടരണമെന്നും സമിതിയോട് കോടതി ആവശ്യപ്പെട്ടു.

സാക്ഷികളുടെ വിവരങ്ങള്‍ പങ്കുവെക്കാനും പരാതികള്‍ അറിയിക്കാനും സമിതിക്ക് മുന്നില്‍ വരുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. അത്തരം ദുര്‍ബലരായ സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും കോടതി സമിതിയോട് നിര്‍ദേശിച്ചു.

അത്തരം സാക്ഷികള്‍ നല്‍കുന്ന മൊഴികളിലോ തെളിവുകളിലോ പരമാവധി രഹസ്യസ്വഭാവം നിലനിര്‍ത്തണം. സാക്ഷികള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഒരു പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സീനിയര്‍ അഭിഭാഷക മോണിക്ക ഗുസൈന്‍, അഭിഭാഷകന്‍ സി. സോളമന്‍ എന്നിവര്‍ സമിതി പ്രതിനിധികളായി കോടതിയെ സഹായിക്കണം. ഇവര്‍ കക്ഷികള്‍ക്കിടയില്‍ സ്വതന്ത്ര മധ്യസ്ഥരായി പ്രവര്‍ത്തിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി എത്രയും വേഗം ഒരു മെമ്പര്‍ സെക്രട്ടറിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഒന്നിലധികം ഹരജികളായിരുന്നു കോടതി പരിഗണിച്ചത്. മുന്‍ പോലീസ് മേധാവിയായ സമിതി അംഗം ദല്‍ഹിയില്‍ പൊലീസ് അതിക്രമം നടത്തിയ ഒരു ഉദ്യോഗസ്ഥന്റെ സുഹൃത്താണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ഭൂഷണിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ വാദങ്ങളെ എതിര്‍ക്കുകയും, ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

ദല്‍ഹിയില്‍ സി.ജെ.പി നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേര്‍ക്ക് ജൂലൈ 20ന് നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ആര്‍. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്ക് കോടതി രൂപം നല്‍കിയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍ ഝാ, ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ഷാലിന്ദര്‍ കൗര്‍, സി.ബി.ഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ ഡി.ജി.പി എല്‍.ആര്‍. ബിഷ്‌ണോയി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

Content Highlight: CJP protest: SC refuses panel reconstitution over ‘police excesses’