ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ സായുധസംഘം അക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ട്. വീടുകള്‍ കത്തിക്കുകയും സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു.

ആയുധധാരികളുടെ സംഘം നാഗാ ഗ്രാമമായ ചവാങ്കിനിങ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ആക്രമിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

തമങ്‌ലോങ് ജില്ലയിലെ ലെയ്‌സാങ്ഫായ് ഗ്രാമത്തില്‍ രണ്ട് കുക്കി യുവതികളെ അക്രമകാരികള്‍ വെടിവെച്ചുകൊന്നിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്. സംസ്ഥാനത്ത് തുടര്‍ന്ന് വരുന്ന അക്രമപരമ്പരയിലെ ഏറ്റവുമൊടുവില്‍ നടന്ന സംഭവമാണിത്.

ലെയ്‌സാങ്ഫായിയില്‍ ഉള്‍ഗ്രാമത്തില്‍ ഒരു ഒറ്റപ്പെട്ട വയലില്‍ വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച വെളുപ്പിന് നാലര വരെ ആറ് മണിക്കൂറോളം ഇടക്കിടക്ക് വെടിവെപ്പ് ശബ്ദം കേട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആയുധധാരികളെ ഗ്രാമത്തിലേക്ക് കടക്കുന്നത് തടഞ്ഞ് സി.ആര്‍.പി.എഫ് സേന തിരികെയും വെടിവെച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗ്രാമത്തിന്റെ അതിര്‍ത്തിയിലുള്ള രണ്ട് തടിവീടുകള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ നാഗ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് അവാങ്ബൗ ന്യൂമായി അപലപിച്ചു. ഇത്തരം ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തികള്‍ ഒരു സമൂഹത്തിനും ഒരിക്കലും നല്ല കാര്യങ്ങള്‍ കൊണ്ടുവരില്ല എന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2023 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന വംശീയ സംഘര്‍ഷങ്ങളില്‍ മുന്നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Militants burn down 2 houses, engage in gun-fight after killing of 2 Kuki women