അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി-20 മത്സരങ്ങളിടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ 22 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ലോകകപ്പിന് ശേഷം തിളങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ സഞ്ജു ഏറ്റുവാങ്ങിയിരുന്നു. സ്ഥിരതയില്ലാത്തതിന്റെ പേരിലായിരുന്നു സഞ്ജു ഏറെ ക്രൂശിക്കപ്പെട്ടത്.

എന്നാല്‍ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജു സാംസണ്‍ പ്രത്യേക കഴിവുകളുള്ള ബാറ്ററാണെന്നും എന്നാല്‍ പ്രശ്‌നമുള്ളത് താരത്തിന്റെ സ്ഥിരതയിലാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു എങ്ങനെ ബാറ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ലെന്നും താരത്തില്‍ നിന്ന് എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജു സാംസണ്‍ പ്രത്യേക കഴിവുകളുള്ള ഒരു ബാറ്ററാണ്. അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് യാതൊരു സംശയവുമില്ല, ഒരേയൊരു പ്രശ്‌നമുള്ളത് അദ്ദേഹത്തിന്റെ സ്ഥിരതയെക്കുറിച്ചാണ്. എന്നാല്‍ മികച്ച സോണില്‍ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും വലിയ സ്‌കോറുകള്‍ നേടുകയും ചെയ്യും.

സഞ്ജു എങ്ങനെ ബാറ്റ് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. ഈ ഇന്നിങ്‌സ് എല്ലാം മികച്ചതായിരുന്നു. അദ്ദേഹം ഇവിടെ തന്റെ ടി-20 ലോകകപ്പ് പതിപ്പ് അണ്‍ലോക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുള്ളതിനാല്‍ ആരാധകര്‍ ഭ്രാന്തന്മാരാണ്. സഞ്ജു സാംസണില്‍ നിന്ന് നിങ്ങള്‍ക്ക് എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം,’ മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ നിന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Sanjay Manjrekar Praises Sanju Samson