ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനുകീഴില്‍ ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം കടുത്ത നിയന്ത്രണത്തിലെന്ന് പഠനം. ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന ഭീഷണികള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് പുറത്തിറക്കിയ ഫ്രീ ടു തിങ്ക് 2026 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
59 രാജ്യങ്ങളിലായി ഉന്നതവിദ്യാഭ്യാസമേഖലയ്ക്കുനേരെ നടന്ന 382 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഠനം നടത്തിയ 179 രാജ്യങ്ങളില്‍ 50 എണ്ണത്തില്‍ അക്കാദമിക് സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗവേഷണ വിഷയങ്ങള്‍ നിരോധിക്കുക, ആശയപരമായ കാരണങ്ങളാല്‍ ധനസഹായം വെട്ടിക്കുറക്കുക, സര്‍വകലാശാല ഭരണസമിതികളില്‍ പക്ഷപാതപരമായ നിലപാടുകളുളളവരെ നിയമിക്കുക തുടങ്ങിയവ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക അച്ചടക്കം, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം, വിവേചനം തടയല്‍ തുടങ്ങിയ നിഷ്പക്ഷവാദങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ ന്യായീകരിക്കാനായി ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇങ്ങനെ സര്‍ക്കാരുകള്‍ പ്രത്യയശാസ്ത്രപരമായ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നുവെന്നും പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം ആറ് രാജ്യങ്ങളിലാണ് അക്കാദമിക് സ്വാതന്ത്ര്യം കടുത്ത നിയന്ത്രണത്തിലുള്ളത്. ഇന്ത്യയോടൊപ്പം ഹോങ് കോങ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, വെസ്റ്റ് ബാങ്ക്, ഉക്രെയ്ന്‍ എന്നിവിടങ്ങളിലാണ് ഇതുള്ളത്.
അഫ്ഗാനിസ്താൻ, ചൈന, ഇറാൻ, റഷ്യ, തുർക്കിയ, സിറിയ, വെനസ്വേല, സിംബാബ്‌വെ, ഗസ്സ എന്നിവ ‘പൂർണ നിയന്ത്രണത്തിൽ’ എന്ന വിഭാഗത്തിലാണ്.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ യുദ്ധവിരുദ്ധമായ അഭിപ്രായം പോസ്റ്റ് ചെയ്തതിന് ജോലിയില്‍നിന്നും പുറത്താക്കിയ എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലോറ ശാന്തകുമാറിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് പണ്ഡിതന്‍ കേദാര്‍ മിശ്രയുടെ ലെക്ചര്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി റദ്ദാക്കിയതും ‘രാജ്യത്തിനെതിരെ’ പ്രസ്താവന നടത്തി എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് കൊണ്ട് മുംബൈ യൂണിവേഴ്‌സിറ്റി നടന്‍ നസറുദ്ദീന്‍ ഷായ്ക്ക് നല്‍കിയ ക്ഷണം പിന്‍വലിച്ചതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരം വര്‍ധിപ്പിച്ചു. ഇത് സര്‍വകലാശാല ഭരണം, നേതൃത്വപരമായ നിയമനങ്ങള്‍, അക്കാദമിക് മുന്‍ഗണനകള്‍ എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വര്‍ദ്ധിക്കുന്നതിനിടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പി ഭരണകൂടം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള പ്രധാന ഉപകരണമായി യു.ജി.സിയെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള യോഗ്യതയില്‍ ഇളവുവരുത്തുക, താത്കാലിക അധ്യാപകര്‍ക്കുള്ള 10 ശതമാനം പരിധി എടുത്തുമാറ്റി അധ്യാപനരംഗത്തെ താല്‍ക്കാലികവത്കരണം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ഭരണകൂടത്തിന് യൂണിവേഴ്‌സിറ്റകളിലെ സ്വാധീനം വര്‍ധിപ്പിക്കുന്നു എന്ന ആരോപണം യു.ജി.സി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2026 മാര്‍ച്ചില്‍ നീതിന്യായവ്യവസ്ഥയിലെ അഴിമതി എന്ന ഭാഗം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് കോടതിയെ മോശം വെളിച്ചത്തില്‍ കാണിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പാഠപുസ്തകം പിന്‍വലിക്കുകയും ഇത് ചെയ്ത മൂന്ന് പേരെ കരിക്കുലം വികസിപ്പിക്കുന്നതിന് പൊതുഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും കോടതി ആജീവനാനന്തം വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സര്‍വകലാശാല താത്പര്യങ്ങള്‍ക്കെതിരായ മോശം പെരുമാറ്റം എന്നാരോപിച്ച് സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സ്‌നേഹാശീഷ് ഭട്ടാചാര്യയെ പിരിച്ചുവിട്ട സംഭവവും റിപ്പോര്‍ട്ടിലുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ജാമിയ മിലിയ ഇസ്‌ലാമിയ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നതിന് അനുമതി നല്‍കാത്തതും സമാധാനപരമായി സംഘടിക്കുന്നവര്‍ക്കുനേരെ നടപടികളെടുക്കുന്നതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ദല്‍ഹി യൂണിവേഴ്‌സിറ്റി എല്ലാവിധ പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും പ്രകടനങ്ങള്‍ക്കും താത്ക്കാലികമായി സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സാംസ്‌കാരികപരിപാടികള്‍, പത്രസമ്മേളനങ്ങള്‍ തുടങ്ങിയവയെല്ലാം റദ്ദാക്കേണ്ടി വന്നു. വിലക്ക് അവസാനിച്ചപ്പോള്‍ ഭാവിസമരങ്ങള്‍ക്കെല്ലാം 72 മണിക്കൂര്‍ മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുണ്ടന്നും അല്ലാത്ത പക്ഷം പോലീസ് നടപടി നേരിടേണ്ടി വരുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. കച്ചാര്‍ കോളേജില്‍ വോട്ട് മോഷണം ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ എന്‍.എസ്.യു.ഐ പ്രവര്‍ത്തകരെ ആക്രമിച്ചതും ഇ.എഫ്.എല്‍.യുവില്‍ ഫലസ്തീന്‍ അനുകൂല പ്രകടനം നടത്തിയവരുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കുനേരെ പൊലീസ് നടത്തുന്ന ആക്രമണങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രകടനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതായും മര്‍ദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
Content Highlight: India joins Ukraine, West Bank in ‘severely restricted’ academic freedom list; ranks above China
