വാഷിങ്ടണ്‍: ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറാനുള്ള തീരുമാനത്തിനെതിരെ യു.എസ് കോണ്‍ഗ്രസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പൗരാവകാശ സംഘടന. ‘കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ്’ (സി.എ.ഐ.ആര്‍) എന്ന സംഘടനയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. ആയുധ കൈമാറ്റ നീക്കത്തിനെതിരെ ഓണ്‍ലൈന്‍ പ്രചാരണവും സി.എ.ഐ.ആര്‍ ആരംഭിച്ചിരുന്നു.

ഇസ്രഈല്‍ ഇത്തരം ആയുധങ്ങള്‍ ജനവാസമേഖലകള്‍ക്ക് നേരെ മുമ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് സി.എ.ഐ.ആര്‍ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ കൈമാറ്റത്തിനെതിരെ യു.എസ് കോണ്‍ഗ്രസിന് എതിര്‍പ്പ് ഉന്നയിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും സംഘടന വ്യക്തമാക്കി.

ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ ഇസ്രഈല്‍ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ഫലസ്തീനികളുടെ കൂട്ടക്കൊലയ്ക്കും പട്ടിണിക്കും പലായനത്തിനും അത് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇവ മൂലമുണ്ടാകുന്ന ഭയാനകമായ ആള്‍നാശം കണക്കിലെടുത്ത് ഇത്തരം ബോംബുകളുടെ മുന്‍കാല കൈമാറ്റങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

‘വിയോജിപ്പ് രേഖപ്പെടുത്തുന്ന സംയുക്ത പ്രമേയം’ (ജോയിന്റ് സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഡിസപ്രൂവല്‍) പാസാക്കിക്കൊണ്ട് ഈ കൈമാറ്റം തടയാന്‍ യു.എസ് കോണ്‍ഗ്രസിന് അധികാരമുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. കൂടുതല്‍ ബോംബുകള്‍ക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും ഫലസ്തീനിലെ സാധാരണക്കാരുടെ മരണത്തിനും വേണ്ടി തങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നത് അംഗീകരിക്കാത്ത ജനങ്ങളുടെ ശബ്ദം നിയമനിര്‍മ്മാതാക്കള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഗസയിലെ മിക്കവാറും എല്ലാ അടിസ്ഥാന സൗകര്യങ്ങളും മനപൂര്‍വ്വം നശിപ്പിക്കുന്നവരാണ് ഇസ്രഈല്‍ ഭരണകൂടം. അവര്‍ സാധാരണക്കാരെ ബലമായി കുടിയൊഴിപ്പിക്കുകയും പട്ടിണിയിലാക്കുകയും, വന്‍തോതില്‍ കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തു. അത്തരം ഒരു ഭരണകൂടത്തിന് പതിനായിരക്കണക്കിന് ടണ്‍ വംശഹത്യ ആയുധങ്ങള്‍ അയക്കുന്നത് യു.എസ്. നിയമത്തിന്റെയും അടിസ്ഥാന മാനുഷിക മര്യാദകളുടെയും ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

വീടുകള്‍, ചികിത്സാ കേന്ദ്രങ്ങള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ എത്തിക്കുന്നതിന് അമേരിക്കന്‍ നികുതിദായകര്‍ പണം മുടക്കരുത്. കോണ്‍ഗ്രസ് തങ്ങളുടെ മേല്‍നോട്ട ചുമതലകള്‍ നിറവേറ്റണം. വംശഹത്യയ്ക്ക് വഴിയൊരുക്കുന്ന ഈ ആയുധ കൈമാറ്റം തടയണം. മാനവികതയ്ക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയ്ക്കുള്ള എല്ലാ പങ്കാളിത്തവും അവസാനിപ്പിക്കണമെന്നും സി.എ.ഐ.ആര്‍ ആവശ്യപ്പെട്ടു.

ഗസയിലെ ഇസ്രഈലിന്റെ വംശഹത്യയ്ക്കുള്ള യു.എസ്. സൈനിക പിന്തുണയ്ക്കെതിരെ കോണ്‍ഗ്രസിലുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചുവരികയാണെന്നും സി.എ.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം, ഇസ്രായേലിനുള്ള 3.3 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അവസാനിപ്പിക്കുന്നതിനായി ജനപ്രതിനിധി സഭയിലെ 104 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സെനറ്റിലും ഇതിനായുള്ള നീക്കങ്ങള്‍ ശക്തമായിട്ടുണ്ടെന്നും സി.എ.ഐ.ആറിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേലിന് 1,000 പൗണ്ട് ബോംബുകള്‍ വില്‍ക്കുന്നത് തടയാന്‍ 36 സെനറ്റര്‍മാരും, സൈനിക നടപടികളില്‍ ഉപയോഗിക്കുന്ന സൈനിക ബുള്‍ഡോസറുകളുടെ കൈമാറ്റം തടയാന്‍ 40 സെനറ്റര്‍മാരും വോട്ട് ചെയ്തു. ഇസ്രഈലിന്റെ വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും വഴിയൊരുക്കുന്ന ആയുധ കൈമാറ്റങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതില്‍ ചരിത്രപരമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടി.

വര്‍ധിച്ചുവരുന്ന ജനകീയ സമ്മര്‍ദ്ദം കണക്കിലെടുത്ത് 2.8 ബില്യണ്‍ ഡോളറിന്റെ ഈ പുതിയ പാക്കേജിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളോട് സംഘടന ആവശ്യപ്പെട്ടു. ഗസയില്‍ സാധാരണക്കാരുടെ കൂട്ടമരണത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമാകുന്ന യു.എ് ആയുധങ്ങളുടെ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന മറ്റൊരു അവസരമാണിതെന്നും സംഘടന അഭിപ്രായപ്പെട്ടു.

‘ഗസയിലെ സാധാരണക്കാര്‍ പട്ടിണിയും പലായനവും അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രിതമായ തകര്‍ച്ചയും നേരിടുന്നതിനിടയിലും ഇസ്രായേല്‍ ഗവണ്‍മെന്റിന് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള അധിക ആയുധങ്ങള്‍ കൈമാറാനാണ് ഈ നിര്‍ദ്ദേശം ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നടപടിയെടുക്കണം. വംശഹത്യയ്ക്കെതിരെ നിലകൊള്ളണോ, അതോ കോടിക്കണക്കിന് ഡോളറിന്റെ മറ്റൊരു ആയുധ പാക്കേജിലൂടെ അതിന് വഴിയൊരുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഓരോ കോണ്‍ഗ്രസ് അംഗവുമാണ്,’ സി.എ.ഐ.ആര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

2,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ അടക്കമുള്ള ആയുധങ്ങളാണ് ഇസ്രഈലിന് കൈമാറാന്‍ യു.എസ് ഭരണകൂടം നീക്കം നടത്തുന്നത്. 20,000 എം.കെ 84 ബോംബുകള്‍, 20,000 ബി.എല്‍.യു117 ആയുധങ്ങള്‍, 20,000 ഐ2000 പെനിറ്ററേറ്റര്‍ വാര്‍ഹെഡുകള്‍ എന്നിവ അടക്കമുള്ള ആയുധങ്ങളാണ് യു.എസ് ഇസ്രഈലിന് കൈമാറുക. കഴിഞ്ഞ ദിവസമാണ് ഇസ്രഈലിന് യു.എസ് ആയുധം കൈമാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ച് അറിവുള്ള മറ്റൊരു വ്യക്തിയെയും ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.

Content Highlight: Demand Congress Block $2.8 Billion in ‘Weapons of Genocide’ for Israel – CAIR